റിയാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി റിയാദില്‍ നടക്കുന്ന ജി.സി.സി-അമേരിക്ക ഉച്ചകോടിയിലേക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഗള്‍ഫ് ഭരണാധികാരികളെ ഔദ്യോഗികമായി ക്ഷണിച്ചു. ട്രംപ് ഈയാഴ്ച സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ആയി രണ്ടാമതും അധികാരമേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശമാണിത്. ആദ്യ തവണ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷവും ട്രംപ് ആദ്യം സന്ദര്‍ശിച്ച വിദേശ രാജ്യം സൗദി അറേബ്യയായിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തെ സൗദി അറേബ്യയും മേഖലാ രാജ്യങ്ങളും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. സൗദി സന്ദര്‍ശനത്തിനിടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ട്രംപ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ട്രംപിന്റെ സൗദി സന്ദര്‍ശന വേളയില്‍ സഖ്യകക്ഷികളുമായുള്ള സഹകരണത്തിലൂടെ മേഖലയില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം സൗദി അറേബ്യയുടെ പ്രാധാന്യത്തെയും തന്ത്രപരമായ പങ്കിനെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതായി അമേരിക്കന്‍ വിദേശ മന്ത്രാലയ റീജിയണല്‍ വക്താവ് സാമുവല്‍ വെര്‍ബര്‍ഗ് പറഞ്ഞു. പ്രാദേശിക സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്ക സൗദി അറേബ്യയെ പ്രധാന പങ്കാളിയായി കാണുന്നു.
ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലും സുഡാനിലെയും യെമനിലെയും സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിലും സൗദി അറേബ്യ വഹിച്ച പങ്കിനെ ട്രംപിന്റെ സന്ദര്‍ശനം അവഗണിക്കില്ല. സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരങ്ങള്‍ കാണുന്നതിനെ പിന്തുണക്കുന്നതിലും സൗദി അറേബ്യ മുന്നോട്ടുവെച്ച പദ്ധതികളെയും ആഗോള ഊര്‍ജ വിപണികള്‍ സുരക്ഷിതമാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെയും പ്രാദേശിക സ്ഥിരതക്ക് നല്‍കുന്ന സംഭാവനകളെയും അമേരിക്ക അഭിനന്ദിക്കുന്നു.
പ്രാദേശിക സുരക്ഷ, പ്രതിരോധ സഹകരണം, സാങ്കേതികവിദ്യയിലും പുനരുപയോഗ ഊര്‍ജത്തിലുമുള്ള നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപരമായ വിഷയങ്ങള്‍
ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചെങ്കടലിലെ ഭീഷണികളിലും ഗാസ, ലെബനോന്‍, യെമന്‍, സുഡാന്‍, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളിലും ഏകോപനം വര്‍ധിപ്പിക്കാനും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ ചെറുക്കാനും ട്രംപിന്റെ സന്ദര്‍ശനം സഹായിക്കും. അധികാരമേറ്റ ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനമാണിത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടുള്ള അമേരിക്കയുടെ ആഴത്തിലുള്ള പ്രതിബദ്ധതയെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു. നിര്‍ണായക ഘട്ടത്തിലാണ് ട്രംപിന്റെ സൗദി സന്ദര്‍ശനം.
വര്‍ധിച്ചുവരുന്ന സുരക്ഷാ, സാമ്പത്തിക വെല്ലുവിളികള്‍ മേഖല അഭിമുഖീകരിക്കുമ്പോള്‍ ഗള്‍ഫ് പങ്കാളികളുമായി പ്രതിരോധം, ഊര്‍ജം, നിക്ഷേപം എന്നീ വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നു. മേഖലാ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ പ്രവര്‍ത്തനങ്ങള്‍, ഭീകരവാദം, ഉക്രൈന്‍ യുദ്ധം, ഗാസയില്‍ സമാധാനം കൈവരിക്കല്‍ തുടങ്ങിയ പ്രാദേശിക ഭീഷണികളെ നേരിടാനുള്ള സംയുക്ത ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. പ്രാദേശിക ഭീഷണികള്‍ നേരിടുന്നതില്‍ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനൊപ്പം, പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സൗദി അറേബ്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതായും സാമുവല്‍ വെര്‍ബര്‍ഗ് പറഞ്ഞു.