ജിദ്ദ: ഇസ്രായിൽ-ഇറാൻ സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായിലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ജി.സി.സി രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ ഐക്യരാഷ്ട്രസഭ, അമേരിക്ക, ഉൾപ്പെടെയുള്ള സംഘർഷത്തിൽ ആശങ്കയുള്ള എല്ലാ അന്താരാഷ്ട്ര കക്ഷികളുമായും ജി.സി.സി ഫലപ്രദമായി ആശയവിനിമയം നടത്തിവരുന്നു. ജി.സി.സി രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച്, സംയോജനവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്റർ ഭാഗികമായി സജീവമാക്കിയിട്ടുണ്ട്. ഇത് അംഗീകൃത പ്രാദേശിക തയാറെടുപ്പിന്റെയും പ്രതികരണ പദ്ധതികളുടെയും ഭാഗമായുള്ള മുൻകരുതൽ നടപടിയാണ്.
ജി.സി.സി രാജ്യങ്ങളിൽ ഇതുവരെ അസാധാരണമായ ആണവ വികിരണ അളവ് കണ്ടെത്തിയിട്ടില്ല. പരിസ്ഥിതി, വികിരണ സൂചകങ്ങൾ സുരക്ഷിതമായ നിലവാരത്തിൽ തുടരുന്നതായും ജാസിം അൽബുദൈവി വ്യക്തമാക്കി.