നജ്‌റാന്‍ – നജ്‌റാനിൽ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധുവിന്റെ കൺമുന്നിൽ വെച്ച് നവവരൻ കൊല്ലപ്പെട്ടു. വധുവിന്റെ വീട്ടിൽ നിന്ന് ദമ്പതികൾ പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയുടെ പിതൃസഹോദര പുത്രന്മാരാണ് യുവാവിനെ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഇസ്‌ലാമിക നിയമത്തിനും സിവിൽ നിയമത്തിനും വിരുദ്ധമായ കാലഹരണപ്പെട്ട ആചാരങ്ങൾ പാലിക്കണമെന്ന ചിലരുടെ നിർബന്ധമാണ് ഈ ഹീനമായ കുറ്റകൃത്യത്തിന് പിന്നിലെന്ന് സുരക്ഷാ ഗവേഷകൻ ഡോ. ഫഹദ് അൽഫറാജ് വെളിപ്പെടുത്തി. പിതൃസഹോദര പുത്രി കുടുംബത്തിന് പുറത്തുള്ളവരെ വിവാഹം ചെയ്യുന്നത് വിലക്കുന്ന പഴയ ആചാരമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. യുവാവുമായി വിവാഹം നടത്തുന്നതിൽ പിതൃസഹോദര പുത്രന്മാരുമായി ധാരണയിലെത്തിയെന്ന് പെൺകുട്ടിയുടെ കുടുംബം യുവാവിനെ അറിയിച്ചിരുന്നു. എന്നാൽ വിവാഹത്തിന്റെ രണ്ടാം ദിവസം വധുവിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ പ്രതികൾ വഞ്ചനാപരമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.
വിവാഹം പരസ്പര സമ്മതത്തോടെ നടക്കേണ്ടതാണെന്നും ഇത്തരം അസംബന്ധ യുക്തികൾക്കൊണ്ട് കുറ്റവാളികൾക്ക് ഒന്നും നേടാനാവില്ലെന്നും അൽഫറാജ് വിമർശിച്ചു. നിയമം കൈയിലെടുക്കുന്നതിന് പകരം വിയോജിപ്പുകളുണ്ടെങ്കിൽ നീതിന്യായ വ്യവസ്ഥയെയാണ് സമീപിക്കേണ്ടതെന്നും കുറ്റവാളികൾക്ക് അർഹമായ വധശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



