ജിദ്ദ- പത്ത് വയസ്സുകാരിയായ റാബിയ, തന്റെ ബാക്ക്പാക്ക് തോളില്‍ തൂക്കി, മറ്റേതൊരു ദിവസത്തെയും പോലെ ഗ്രാമത്തിലെ സ്‌കൂളിലേക്ക് പോകുന്നു. എന്നാല്‍ അവിടെ അവളെ കാത്തിരുന്നത് അടഞ്ഞുകിടന്ന വിദ്യാലയം. സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഒരു കാവല്‍ക്കാരനുണ്ട്. അധ്യാപകരും പ്രിന്‍സിപ്പലും അപ്രത്യക്ഷരാണ്. കോപാകുലരും എന്നാല്‍ ആശയക്കുഴപ്പത്തിലുമായ മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ജനക്കൂട്ടത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ആ കാവല്‍ക്കാരന് കഴിയുന്നില്ല. റാബിയ വീട്ടിലേക്ക് തിരിച്ചുപോരുന്നു. ഹാര്‍ബറില്‍ ബോട്ടില്‍ മീന്‍പിടിക്കാന്‍ പോയ പിതാവിന് ഭക്ഷണം കൈമാറാനും തിരിച്ചുവരുമ്പോള്‍ പച്ചക്കറി വാങ്ങാനും അമ്മ ആവശ്യപ്പെട്ടതനുസരിച്ച് കുറച്ചു കഴിഞ്ഞ് റാബിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയാണ്. അതിനിടേയാണ് സ്‌കൂൡ പ്രേതബാധയുണ്ടായതിന്റെ കാരണം അറിയണമെന്ന ചിന്തയുണര്‍ന്നത്. വഴിയില്‍ കണ്ട സ്‌കൂളിലെ പാറാവുകാരനോട് തന്റെ അധ്യാപകന്റെ വീട്ടിലെ വഴി മനസ്സിലാക്കി അദ്ദേഹത്തെ കാണാന്‍ പോകുന്നു. അദ്ദേഹത്തിനും ജിന്ന് ബാധിച്ചുവെന്ന് ഗ്രാമത്തില്‍ പ്രചാരമുണ്ടായിരുന്നു. മലഞ്ചെരിവുകളുള്ള തന്റെ ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച് അധ്യാപകനെ കാണുകയും പ്രേതബാധയില്ലെന്ന് തിരിച്ചറിയകയും മാത്രമല്ല ഭൂവുടമയായ സ്‌കൂള്‍ മേധാവിയേയും പിന്നീട് പോയിക്കാണുന്നു. ജില്ലാ അധികാരിയെ കാണാന്‍ അദ്ദേഹത്തിന്റെ കാര്യാലയത്തിലും ഈ പത്തുവയസ്സുകാരി എത്തുന്നു…


പ്രശസ്ത പാക്-ബ്രിട്ടീഷ് സംവിധായിക സീമാബ്ഗുല്ലിന്റെ ‘ഗോസ്റ്റ് സ്‌കൂള്‍’ എന്ന ചലച്ചിത്രത്തിലെ രംഗങ്ങളാണിത്. അഞ്ചാമത് ജിദ്ദ റെഡ്‌സീ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ ഈ ചിത്രം ഹൃദയഹാരിയായി അവതരിപ്പിക്കാന്‍ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ വിവാഹം കഴിച്ച് ഭര്‍ത്താക്കന്മാരെ അനുസരിച്ച് മാത്രം ജീവിക്കുന്ന സാമൂഹിക സാഹചര്യമുള്ള പാക്കിസ്ഥാനിലെ ഒരു നാട്ടിന്‍പുറത്താണ് റാബിയ വളരുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഒരു ബുദ്ധിമുട്ടേറിയ കാര്യമായി മാറുന്ന സാഹചര്യമുള്ള ഇടം കൂടിയാണിത്. തന്നെക്കാള്‍ അധികം പ്രായമില്ലാത്ത ഒരു അയല്‍ക്കാരി പെണ്‍കുട്ടി തന്റെ വിവാഹത്തിന് വരുമോ എന്ന് റാബിയയോട് ചോദിക്കുമ്പോള്‍, റാബിയയുടെ ഊഴമാകാന്‍ അധികനാളില്ല എന്ന് തമാശ പറയുന്നുമുണ്ട്. പക്ഷെ റാബിയ ആ പരാമര്‍ശത്തെ തിരുത്തുന്നു. വീട്ടു ജോലി ചെയ്യുന്ന, പിതാവ് ദൂരത്തായതിനാല്‍ തന്നെ ഒറ്റയ്ക്ക് ജീവിക്കുന്ന തന്റെ അമ്മയെ ആണ് അവള്‍ കാണുന്നത്. പഠിക്കാനാവാത്ത നിരാശയോടെ തന്റെ പ്രേതബാധയേറ്റ സ്‌കൂള്‍ തുറപ്പിക്കാനെന്ത് പരിഹാരമുണ്ട് എന്ന റാബിയയുടെ അന്വേഷണമാണ് ഗോസ്റ്റ് സ്‌കൂള്‍ എന്ന സിനിമയുടെ ഇതിവൃത്തം.
പാകിസ്ഥാനില്‍ ‘പ്രേത വിദ്യാലയം’ എന്ന് മുദ്രകുത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. ഈ യഥാര്‍ത്ഥ പ്രതിഭാസം അടിസ്ഥാനമാക്കിയാണ് സീമാബ് ഗുല്‍ സിനിമ. ”നേരത്തെ ഡോക്യുമെന്ററി ആയിരുന്നു ലക്ഷ്യം. റിസര്‍ച്ച്് ആരംഭിച്ച് മുന്നോട്ടുപോയപ്പോള്‍ എന്തുകൊണ്ട് മുഴുനീള ഫീച്ചര്‍ ഫിലിം ആയിക്കൂടാ എന്ന ചിന്ത വന്നു. കുറച്ചുകൂടി വിശാലമായി ഈ വിഷയത്തെ ജനങ്ങളിലെത്തിക്കാന്‍ അതാണ് നല്ലത് എന്ന തോന്നലുമുണ്ടായി.” എങ്ങിനെ ദി ഗോസ്റ്റ് സ്‌കൂള്‍ എന്ന ചലച്ചിത്രം പിറന്നുവെന്ന ചോദ്യത്തിന് സീമാബ്ഗുല്‍ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു.
പാക്കിസ്ഥാനില്‍ ജിന്ന് ബാധിച്ചുവെന്ന് ആരോപിച്ച് ഏകദേശം 30,000 ഉപേക്ഷിക്കപ്പെട്ട സ്‌കൂളുകളാണ് അടഞ്ഞുകിടക്കുന്നത്. അവയില്‍ പഠിച്ചിരുന്ന 22 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഇല്ലാതാവുകയാണ്. പ്രസ്തുത സ്‌കൂളുകളില്‍ ജോലിചെയ്തിരുന്ന പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അധ്യാപകര്‍ പലപ്പോഴും ജോലിക്ക് വരാറില്ലെങ്കിലും സ്‌കൂള്‍ അടച്ചിട്ടും ശമ്പളപ്പട്ടികയില്‍ തുടരുകയും അത് വാങ്ങിജീവിക്കുകയും ചെയ്യുന്നുണ്ട് എന്ന് ആരോപണമുണ്ട്. ഉദ്യോഗസ്ഥരും ചില പ്രമാണിമാരും സംയുക്തമായി നടത്തുന്ന അഴിമതിയുടെ വലിയൊരു ലോകമാണിതെന്നും സംവിധായിക എടുത്തുപറയുന്നു. 88 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം അറബ്-ഇംഗ്ലീഷ് സബ് ടൈറ്റിലുകളില്‍ ലഭ്യമാണ്. നസുവാലിയ അര്‍സലന്‍ എന്ന പത്തുവയസ്സുകാരി പെണ്‍കുട്ടിക്ക് പുറമെ സമീന സെഹര്‍, അദ്‌നാന്‍ ഷാ ടിപ്പു, വജ്ദാന്‍ ഷാ, മുഹമ്മദ് സമാന്‍, മുഹമ്മദ് സയാന്‍, കെഹന്‍ നഖ്വി, താഹ ഖാന്‍, സിയാറത്ത് ഗുല്‍, താരിഖ് രാജ, ടുട്ടു ബാബ എന്നിവരാണ് അഭിനേതാക്കള്‍. ഈ സിനിമയുടെ തിരക്കഥയും നിര്‍മ്മാണവും സീമാബ് ഗുല്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്ടില്‍ ബിരുദവും ചലച്ചിത്രനിര്‍മ്മാണത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ സീമാബ് ഗുലിന്റെ ഹൃസ്വചിത്രം ‘സാന്‍ഡ്സ്റ്റോം” 2021-ല്‍ വെനീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സണ്‍ഡാന്‍സ് ഉള്‍പ്പെടെ 100-ലധികം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു. രണ്ട് ഓസ്‌കാര്‍ യോഗ്യതാ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രം നേടി. ഈ ഹ്രസ്വചിത്രം 2022-ല്‍ ബിഫ നോമിനേഷന്‍ നേടി. ഫ്രാന്‍സിലെ കനാല്‍ പ്ലസ്, ദി ന്യൂയോര്‍ക്കര്‍, വിമിയോ സ്റ്റാഫ് പിക്സ്, സാഹിദ എന്ന ഡോക്യുമെന്ററി 2018-ല്‍ അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്തു.



