റിയാദ് – ഗാസ യുദ്ധത്തിന് ഉടനടി അറുതി വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ അറബ്, അമേരിക്കന്‍ യോഗം. ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, യുദ്ധം അവസാനിപ്പിക്കല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നിവയെ കുറിച്ച് യോഗം വിശകലനം ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അറബ്, അമേരിക്കന്‍ യോഗത്തിനു മുന്നോടിയായി ജി.സി.സി ആസ്ഥാനത്തു വെച്ച് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും പ്രത്യേകം ചര്‍ച്ച നടത്തി. ഗാസയിലെയും റഫയിലെയും പുതിയ സ്ഥിതിഗതികളും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെ കുറിച്ചും ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
അതിനിടെ, ഗാസ പുനര്‍നിര്‍മാണത്തിന് 30 വര്‍ഷമെടുക്കുമെന്ന് യു.എന്‍ കണക്കാക്കുന്നതായി റിയാദില്‍ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് മധ്യപൗരസ്ത്യദേശത്തെ സമ്മര്‍ദങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സെഷനില്‍ പങ്കെടുത്ത് സൗദി വിദേശ മന്ത്രി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നത്തിന് സമഗ്ര പോംവഴികള്‍ കാണണം. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വിശ്വസനീയവും മാറ്റാനാകത്തതുമായ ഒരു പാത ആവശ്യമാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ക്യാപ്.
ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ റിയാദില്‍ ചേര്‍ന്ന അറബ്, അമേരിക്കന്‍ യോഗം.