റിയാദ്: ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കി റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു. ഗ്യാസ് സിലിണ്ടറുകൾ മാറ്റുന്നതിന് വിതരണ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കേണ്ട ആവശ്യം ഈ മെഷീനുകൾ ഇല്ലാതാക്കുന്നു. 24 മണിക്കൂറും എളുപ്പത്തിൽ ഗ്യാസ് സിലിണ്ടറുകൾ മാറ്റാനുള്ള സൗകര്യമാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത.
വെൻഡിംഗ് മെഷീനിലെ സ്ക്രീനിൽ ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. ഇരുമ്പ് സിലിണ്ടർ, ഫൈബർ സിലിണ്ടർ, പുതിയ മോഡൽ ഫൈബർ സിലിണ്ടർ എന്നിവ മാറ്റുന്നതിനും, ഗ്യാസ് സ്റ്റൗവും സിലിണ്ടറും ബന്ധിപ്പിക്കുന്ന പൈപ്പ്, റെഗുലേറ്റർ തുടങ്ങിയവ പുതുതായി വാങ്ങുന്നതിനും മെഷീനിൽ സൗകര്യമുണ്ട്.
സിലിണ്ടർ മാറ്റുന്നതിന്, ആവശ്യമുള്ള സിലിണ്ടറിന്റെ തരം തിരഞ്ഞെടുത്ത ശേഷം, മെഷീനിലെ ചെറിയ വാതിൽ വഴി പഴയ സിലിണ്ടർ കൈമാറണം. തിരഞ്ഞെടുത്ത സേവനവും കൈമാറിയ സിലിണ്ടറും പരിശോധിച്ച ശേഷം, 19.85 റിയാൽ മാറ്റ ഫീസ് ഡെബിറ്റ് കാർഡ് വഴി അടയ്ക്കാൻ മെഷീൻ ആവശ്യപ്പെടും. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാൻ സാധിക്കില്ല. പണമടച്ചുകഴിഞ്ഞാലുടൻ ഗ്യാസ് നിറച്ച പുതിയ സിലിണ്ടർ മെഷീൻ നൽകും.
ഈ വെൻഡിംഗ് മെഷീനുകൾ ഉപയോഗിച്ച് സിലിണ്ടർ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഒരു സൗദി പൗരൻ ചിത്രീകരിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
— فيديوهات منوعة (@EsmailBaher) August 19, 2025