റിയാദ്– പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധിയെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമ്മിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ചിന്തകൾ ഇന്നത്തെ അധികാര രാഷ്ട്രീയം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും, വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘർഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നും ഷഹീബ പറഞ്ഞു.
തുടർന്ന് ആൻജി തോമസിന്റെ “ദ ഹേറ്റ് യു ഗീവ്” എന്ന നോവൽ സ്നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പോലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്ന കൃതിയിൽ, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്നിഗ്ധ പറഞ്ഞു. യുവജന ശബ്ദവും ബ്ലാക്ക് ലൈവ്‌സ് മാറ്റർ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നൽകുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്നിഗ്ധ കൂട്ടിച്ചേർത്തു.
സഹർ ഖലീഫയുടെ ‘വൈൽഡ് തോൺസ്’ എന്ന നോവൽ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കയ്യേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക–രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓർമിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. അധിനിവേശത്തിന്റെ നിഴലിൽ ജീവിക്കുന്ന ഫലസ്തീനിയൻ സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ, തൊഴിലാളികളുടെ ജീവിതം, പ്രതിരോധത്തിന്റെ വഴികൾ, വ്യക്തിഗത നൈതിക ദ്വന്ദങ്ങൾ എന്നിവ നോവലിന്റെ കേന്ദ്രവിഷയങ്ങളാണെന്നും, അധിനിവേശ വ്യവസ്ഥയ്ക്കുള്ളിൽ ജോലി ചെയ്യേണ്ടിവരുന്നവരും അതിനെതിരെ തുറന്ന പോരാട്ടം നടത്തുന്നവരുമായുള്ള സംഘർഷം ഖലീഫ ശക്തമായി വരച്ചുകാട്ടുന്നുവെന്നും ഷിംന വ്യക്തമാക്കി.
തുടർന്ന് ചില്ലയുടെ സ്വന്തം എഴുത്തുകാരനായ റഫീഖ് പന്നിയങ്കരയുടെ “പ്രിയപ്പെട്ടൊരാൾ” എന്ന കൃതിയെ നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേർത്ത്, സ്നേഹവും നഷ്ടവും രാഷ്ട്രീയ നിസ്സഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗികളായി ആശുപത്രിക്കിടക്കകളിൽ കിടക്കുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരവും വിഹ്വലതകളും ലളിതമായ ഭാഷയിൽ റഫീഖ് വരച്ചു വെച്ചിരിക്കുന്നു. ആഴമുള്ള വികാരതലങ്ങൾ തുറക്കുന്ന രചനാശൈലിയാണ് റഫീഖ് പന്നിയങ്കരയുടെ പ്രത്യേകതയെന്നും, അദ്ദേഹത്തിന്റെ രചനകൾ ഇനിയും കൂടുതൽ വായിക്കപ്പെടുമെന്നും നജീം പ്രത്യാശ പ്രകടിപ്പിച്ചു. സീബ കൂവോട് മോഡറേറ്റ് ചെയ്ത വായനാ ചർച്ചയിൽ ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.



