റിയാദ് – ഈ മാസം 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തിന്റെ ആദ്യ ദിനത്തില്‍ 1,900 ലേറെ കോടി ഡോളറിന്റെ 47 കരാറുകള്‍ ഒപ്പുവെച്ചു. ഇതില്‍ ഏറ്റവും പ്രധാനം സൗദിയയും എയര്‍ബസ് കമ്പനിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ്. എയര്‍ബസ് കമ്പനിയില്‍ നിന്ന് വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 105 വിമാനങ്ങള്‍ വാങ്ങാന്‍ 7,000 കോടി റിയാലിന്റെ കരാറാണ് സൗദിയ ഒപ്പുവെച്ചത്. വ്യോമയാന സേവനങ്ങള്‍, വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍, എയര്‍ കാര്‍ഗോ, ലോജിസ്റ്റിക്‌സ് സര്‍വീസ്, അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി, മാനവശേഷി വികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെയിന്റനന്‍സ്, റിപ്പയര്‍, പുതുക്കല്‍ എന്നീ മേഖലകളില്‍ വിവിധ രാജ്യങ്ങളും കമ്പനികളും കരാറുകള്‍ ഒപ്പുവെച്ചു.
സ്വകാര്യ മേഖലക്ക് സൗദി അറേബ്യ വന്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതായി ഫോറം ഉദ്ഘാടനം ചെയ്ത് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്വദേശികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യം പ്രവര്‍ത്തിക്കുന്നു. റിയാദില്‍ പുതുതായി നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാകും. 2030 ഓടെ പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടിന് ശേഷിയുണ്ടാകും. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും നിലവിലുള്ള എയര്‍പോര്‍ട്ടുകള്‍ വികസിപ്പിക്കാനും ശ്രമിച്ചുവരികയാണ്.
സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ സമീപ കാലത്ത് പുതിയ ടെര്‍മിനലുകള്‍ തുറന്നിട്ടുണ്ട്. മദീന എയര്‍പോര്‍ട്ട് വികസനത്തിന് സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. മദീന വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ ശേഷി 80 ലക്ഷം യാത്രക്കാരില്‍ നിന്ന് 1.7 കോടിയായി ഉയര്‍ത്താനാണ് വന്‍ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്ക് വ്യോമയാന മേഖലയെ നയിക്കുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഇക്കാര്യത്തില്‍ സഹകരിക്കാനും ഈ ഫോറം വ്യോമയാന മേഖലാ വിദഗ്ധരെയും നേതാക്കളും ഒരുമിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
വ്യോമയാന മേഖല ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 5,300 കോടി ഡോളര്‍ സംഭാവന ചെയ്യുന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വ്യോമയാന മേഖല 9,58,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ സൗദിയില്‍ വ്യോമയാന മേഖലയില്‍ ലഭ്യമായ നിക്ഷേപാവസരങ്ങള്‍ ഫോറത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. സൗദിയില്‍ വ്യോമയാന മേഖലയില്‍ പതിനായിരം കോടി ഡോളറിന്റെ നിക്ഷേപാവസരങ്ങളുള്ളതായാണ് കണക്കാക്കുന്നത്. ത്രിദിന ഫോറത്തില്‍ 30 മന്ത്രിമാരും 77 സിവില്‍ ഏവിയേഷന്‍ മേധാവികളും വിമാന കമ്പനി മേധാവികളും 120 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന വ്യവസായ വിദഗ്ധരും നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group