റിയാദ് – പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.
അരുന്ധതി റോയ് രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’ എന്ന ഓർമ്മകുറിപ്പുകളുടെ വായനയാണ് ഈ മാസത്തെ ചർച്ചയുടെ കേന്ദ്രവിഷയമായത്. ഷഹീബ വി. കെയാണ് വായനാനുഭവം പങ്കുവച്ചത്. അരുന്ധതി തന്റെ അമ്മ മേരി റോയിയുമായുള്ള അടുപ്പവും അകലവും നിറഞ്ഞ ബാല്യകാലത്തെ മനോഹരമായി അവതരിപ്പിച്ചു എന്ന് ഷഹീബ അഭിപ്രായപ്പെട്ടു. ഖേദകരമായ അനുഭവങ്ങൾക്കിടയിലും തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയ അമ്മയെ അരുന്ധതി സ്നേഹപൂർവ്വം ഓർക്കുന്നതായി പുസ്തകം അടിവരയിടുന്നു. സാമൂഹിക വിമർശനവും സഹാനുഭൂതിയുമൊക്കെ ഈ കൃതി ചർച്ച ചെയ്യുന്നതായി ഷഹീബ വ്യക്തമാക്കി.
ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച ഇരീച്ചാൽ കാപ്പിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സബീന സാലിയാണ് വായനയ്ക്ക് തുടക്കം കുറിച്ചത്. പത്രപ്രവർത്തക ജോലിയും അതിന്റെ ഭാഗമായി ലഭിച്ച സൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് സ്വന്തം ദേശത്തിന്റെ കഥകൾ തേടിപ്പോകുന്ന റൂമിയുടെ കഥകളിലൂടെയും ഉപകഥകളിലൂടെയും വളരുന്ന ഇരീച്ചാൽ കാപ്പ് എന്ന നോവലിന്റെ സവിശേഷതകൾ സബീന സദസുമായി പങ്കുവച്ചു.
ഹരിത സാവിത്രിയുടെ പ്രഥമ നോവലായ സിൻ ചർച്ച ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലം കൃതിയെ പരിചയപ്പെടുത്തികൊണ്ട് വിപിൻ കുമാർ വിശദീകരിച്ചു. ഭീകരപ്രവർത്തകയെന്ന മുദ്രകുത്തപ്പെട്ട് ടർക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ സ്വാതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭവും അതിലൂടെ ഏതു കലാപഭൂമിയിലും മനുഷ്യാവസ്ഥയുടെ ആവർത്തിക്കുന്ന ദുരന്ത കാഴ്ചകളും വിപിൻ സദസിന് മുന്നിൽ അവതരിപ്പിച്ചു.
പി. ഭാസ്കരനുണ്ണി രചിച്ച ‘കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ’ എന്ന ചരിത്ര കൃതിയുടെ വായന ജോമോൻ സ്റ്റീഫൻ നിർവഹിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെയും സാമൂഹ്യ ജീവിതത്തിന്റെയും പ്രാകൃതകാഴ്ചകൾ ജോമോൻ ഈ കൃതിയിലൂടെ സദസിനുമുന്നിൽ വിശദീകരിച്ചു.
വായനയിലെ വേറിട്ട പുസ്തകം ഹയർ സെക്കന്ററി ക്‌ളാസിലെ മലയാളം പാഠപുസ്തകമാണ്. കഴിഞ്ഞ പതിനാല് വർഷമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്ന മലയാള പുസ്തകത്തെ വിമർശനാത്മകമായി നിരീക്ഷിച്ചുകൊണ്ട് മലയാളം അധ്യാപകൻ കൂടിയായ ബാസിൽ മുഹമ്മദ് സംസാരിച്ചു. കാലിക പ്രസക്തമല്ലാതായ പാഠഭാഗങ്ങളും ലിംഗപരമായ ആനുപാതിക പ്രാതിനിധ്യത്തിന്റെ അഭാവവും വിമർശനവിധേയമായി.
പുസ്തകവാതരണത്തിന് ശേഷം നടന്ന ചർച്ചക്ക് നാസർ കാരക്കുന്ന് തുടക്കം കുറിച്ചു. റിയാദിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അഡ്വ. ഫൈസൽ ചില്ലയുടെ സാംസ്‌കാരിക ഇടപെടൽ നാട്ടിലും സംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞു.
ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് എം. ഫൈസൽ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു