റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയെ പ്രഭാപൂരിതമാക്കി നാലാമത് നൂര്‍ റിയാദ് ആഘോഷത്തിന് തുടക്കമായി. ബത്ഹയിലെ കിംഗ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക് സെന്റര്‍, വാദി ഹനീഫ, ജാക്‌സ് സ്ട്രീറ്റ് എന്നീ മുന്നു പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് റിയാദ് ആര്‍ട്ടിന്റെ നേതൃത്വത്തിലാണ് ആഘോഷം. ഈ പ്രകാശ വിസ്മയ പ്രദര്‍ശനം ഡിസംബര്‍ 14 വരെ തുടരും.
18 രാജ്യങ്ങളില്‍ നിന്നുള്ള 60ലധികം കലാകാരന്മാര്‍ വെളിച്ചം കൊണ്ട് രൂപകല്‍പന ചെയ്യുന്ന കലാസൃഷ്ടികൾ റിയാദിനെ ഒരു ഓപ്പണ്‍ ആര്‍ട്ട് ഗാലറിയാക്കി മാറ്റും. 18 സൗദി കലാകാരന്മാരും 43 ലോകോത്തര കലാകാരന്മാരുമാണ് ഈ വര്‍ഷം ഈ കലാവിസ്മയം ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരികകലാ രംഗങ്ങളിലൂടെ തിളങ്ങുന്ന അതുല്യമായ കലാസൃഷ്ടികള്‍ അവര്‍ പ്രകാശമുപയോഗിച്ച് അവതരിപ്പിക്കും.
സൗദി അറേബ്യയുടെ പൈതൃകവും ചരിത്രവും വര്‍ത്തമാനകാലവും സമന്വയിപ്പിക്കുന്ന എക്‌സിബിഷനുകളും മ്യൂസിയങ്ങളും ഉള്‍പ്പെടുന്നതാണ് ബത്ഹ കിംഗ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്ററിലെ ആഘോഷം. യുണൈറ്റഡ് വിഷ്വല്‍ ടെക്‌നിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ 1500 ഡ്രോണുകള്‍ അണിനിരക്കുന്ന ഏഴു മിനുട്ട് പ്രദര്‍ശനം ഏറെ ആകര്‍ഷമാണ്. ഇവിടെ വിവിധ മ്യൂസിക്കല്‍ പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്.
വശ്യമായ ഭൂപ്രകൃതിയുള്ള വാദി ഹനീഫയില്‍ ഗംഭീരമായ ആര്‍ട്ട് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ജാക്‌സ് സ്ട്രീറ്റില്‍ സാംസ്‌കാരിക പരിപാടികളും ആര്‍ട്ട് സ്റ്റുഡിയോകളുമാണ് ഓരുക്കിയിരിക്കുന്നത്. ഫൈസലിയ ടവറില്‍ 270 മീറ്റര്‍ ഉയരത്തില്‍ ആര്‍ടിസ്റ്റ് ക്രിസ് ലെവിന്റെ പ്രത്യേക ലൈറ്റ് ഷോ ഒരുക്കിയിട്ടുണ്ട്. പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വാദി ഹനീഫയില്‍ ദാന്‍ റുസ്ജാര്‍ഡിന്റെ സ്പാര്‍ക്ക് പ്രദര്‍ശനം കരിമരുന്ന് പ്രയോഗത്തിന്റെ വര്‍ണരാജിയും ആകാശത്ത് നക്ഷത്രത്തിളക്കിന്റെയും അനുഭവം നല്‍കുന്നതാണ്.