മദീന – വംശനാശഭീഷണി നേരിടുന്ന വന്യജീവി ഇനമായ അറേബ്യന്‍ ചെന്നായയെ വേട്ടയാടിയതിന് നാലംഗ സംഘത്തെ പരിസ്ഥിതി സുരക്ഷാ സേന മദീനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. സൗദി പൗരന്മാരായ ത്വലാല്‍ അല്‍സഹ്‌ലി, ഹാമിദ് അല്‍സഹ്‌ലി, ഖലീല്‍ മഹ്ദി അല്‍സഹ്‌ലി, പാക്കിസ്ഥാൻ സ്വദേശിയായ ഫൈസല്‍ ബഖ്ഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു തോക്കുകളും 70 റൗണ്ട് വെടിയുണ്ടകളും നിയമ ലംഘകരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വന്യജീവികളെ വേട്ടയാടുന്നത് നിരോധിക്കുന്ന പരിസ്ഥിതി നിയമം പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടുന്നതിന് 10 വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഒരു അറേബ്യന്‍ ചെന്നായയെ വേട്ടയാടുന്നതിന് 80,000 റിയാലാണ് പിഴ. വേട്ടക്ക് തോക്ക് ഉപയോഗിക്കുന്നതിന് ഒരു ലക്ഷം റിയാല്‍ പിഴ ലഭിക്കും.
പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരിസ്ഥിതി സുരക്ഷാ സേന സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. നിയമ ലംഘകരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായ രഹസ്യസ്വഭാവത്തോടെയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യാതൊരു ബാധ്യതയുമില്ലാതെയും കൈകാര്യം ചെയ്യുമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.