റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താളംതെറ്റി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും അടക്കം ഏതാനും പ്രവർത്തന ഘടകങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വിമാന സർവീസുകളുടെ ഷെഡ്യൂളുകളെ ബാധിച്ചതായി റിയാദ് എയർപോർട്ട് അറിയിച്ചു.
ഈ സാഹചര്യങ്ങൾ ഏതാനും വിമാനക്കമ്പനികളുടെ ചില സർവീസുകൾ നീട്ടിവെക്കാനോ റദ്ദാക്കാനോ കാരണമായതായി റിയാദ് എയർപോർട്ട് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു. യാത്രക്കാർ അവരുടെ സൗകര്യം ഉറപ്പാക്കാനും എയർപോർട്ട് ടെർമിനലുകളിലെ തിരക്ക് ഒഴിവാക്കാനും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി ഫ്ളൈറ്റ് സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്ത ഫ്ളൈറ്റ് സമയങ്ങളും ഉറപ്പാക്കാൻ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റിയാദ് എയർപോർട്ട് ആവശ്യപ്പെട്ടു.
പ്രവർത്തന പ്രക്രിയകളുടെ സുരക്ഷക്ക് തങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തനക്രമം എത്രയും വേഗം പുനഃസ്ഥാപിക്കാനും മുഴുവൻ വിമാന കമ്പനികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും അടുത്ത ഏകോപനത്തിൽ ഓപ്പറേഷൻ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന ആഘാതം കുറക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും റിയാദ് എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു.



