റിയാദ് – രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻകൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ നടത്തിയ അറ്റകുറ്റപ്പണികളുമടക്കം ഏതാനും ഘടകങ്ങൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നിരവധി സർവീസുകളുടെ ഷെഡ്യൂളുകളെ ബാധിച്ചിരുന്നു. ഇന്നലെ മാത്രം റിയാദ് എയർപോർട്ടിൽ 200 സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിരുന്നു.
റദ്ദാക്കിയ സർവീസുകളിലെ ബാഗേജുകൾ സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകാനും മുഴുവൻ വിമാന കമ്പനികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. എല്ലാ തിരുത്തൽ നടപടികൾ സ്വീകരിക്കാനും യാത്രക്കാരുടെ സുരക്ഷക്കായി ഉയർന്ന മാനദണ്ഡങ്ങൾ നടപ്പാക്കാനുമുള്ള പ്രതിബദ്ധത റിയാദ് എയർപോർട്ട് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.



