ജിദ്ദ: വിദേശങ്ങളില്‍ നിന്ന് മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള അഞ്ചു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. അഞ്ചു ശ്രമങ്ങളിലുമായി ആകെ 2,42,296 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി. സൗദി-ഒമാന്‍ അതിര്‍ത്തിയിലെ റുബ്ഉല്‍ഖാലി അതിര്‍ത്തി പോസ്റ്റ് വഴി എത്തിയ ലോറിയില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയില്‍ 2,02,570 ലഹരി ഗുളികകള്‍ കണ്ടെത്തിയതായി അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി പറഞ്ഞു. ഉത്തര സൗദിയില്‍ അല്‍ജൗഫ് പ്രവിശ്യയില്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ മൂന്നു മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ വിഫലമാക്കി.
ലോറിയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ 9,859 മയക്കുമരുന്ന് ഗുളികകളും വൈദ്യുതി കേബിള്‍ ലോഡില്‍ ഒളിപ്പിച്ച നിലയില്‍ 6,040 ലഹരി ഗുളികകളും മറ്റൊരു വാഹനത്തിന്റെ സ്പിന്‍ഡിലില്‍ ഒളിപ്പിച്ച നിലയില്‍ 11,424 മയക്കമരുന്ന് ഗുളികകളും കണ്ടെത്തി.
ഉത്തര സൗദിയില്‍ തബൂക്ക് പ്രവിശ്യയില്‍ പെട്ട ഹഖ്‌ലിനു സമീപം ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ദുറ അതിര്‍ത്തി പോസ്റ്റ് വഴി എത്തിയ മറ്റൊരു വാഹനത്തിന്റെ സ്പിന്‍ഡിലില്‍ ഒളിപ്പിച്ച നിലയില്‍ 12,403 മയക്കമരുന്ന് ഗുളികകളും കണ്ടെത്തി. മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ വിഫലമാക്കിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരങ്ങള്‍ സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group