ജിദ്ദ – സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി. ഇതുവരെ ഈ നിയമ ലംഘനത്തിന് 2,000 റിയാലായിരുന്നു പിഴ. പാസ്പോര്‍ട്ടോ ഇഖാമയോ പിടിച്ചുവെക്കുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ലഭിക്കും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് വെക്കുന്ന തൊഴിലുടമക്ക് 10,000 റിയാല്‍ ചുമത്തും.
നിയമ ലംഘനങ്ങളുടെ പട്ടിക പ്രകാരം, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 167 ലംഘിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ നിയമലംഘനമായി വര്‍ഗീകരിച്ചിരിക്കുന്നു. ഈ നിയമ ലംഘനത്തിന് 50 ഉം അതില്‍ കൂടുതലും തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കമ്പനികള്‍ക്ക് 2,000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴില്‍ നിയമത്തിലെ പത്താം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ, കൗമാരക്കാരുടെ ജോലി സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനം പരാജയപ്പെടുന്നതിനുള്ള പിഴ 1,500 റിയാല്‍ ആണ്. ചട്ടങ്ങള്‍ പാലിക്കാതെ ജോലിക്കു വെക്കുന്ന കൗമാരക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും.
പ്രസവാവധി നല്‍കിയില്ലെങ്കിൽ 1,000 റിയാലാണ് പിഴ. പ്രസാവവധി നല്‍കാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് പിഴ വർധിക്കും. അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള, വനിതാ ജീവനക്കാര്‍ക്ക് ആറു മുതല്‍ പത്തു വയസ് വരെ പ്രായമുള്ള പത്തും അതില്‍ കൂടുതലും കുട്ടികളുള്ള സ്ഥാപനങ്ങള്‍ ചൈല്‍ഡ് കെയര്‍ സൗകര്യമോ നഴ്സറിയോ ഒരുക്കാതിരുന്നാല്‍ 3,000 റിയാല്‍ പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്താതിരിക്കുന്നതിന് തൊഴിലുടമക്ക് 1,000 റിയാല്‍ ലഭിക്കും. തൊഴില്‍ കരാര്‍ ഡോക്യുമെന്റ് ചെയ്യാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
സൗദികള്‍ക്ക് ജോലി കണ്ടെത്തിനല്‍കല്‍, വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, നേരിട്ടോ അല്ലാതെയോ ഔട്ട്‌സോഴ്‌സിംഗ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് ആദ്യ തവണ 2,00,000 റിയാലും, രണ്ടാം തവണ 2,20,000 റിയാലും മൂന്നാം തവണ 2,50,000 റിയാലും പിഴ ചുമത്തും. ഗാര്‍ഹിക തൊഴിലാളി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നതിനും അത്തരം പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും 15,000 റിയാൽ വരെ പിഴയുണ്ട്. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കാനും പ്രവര്‍ത്തനം താല്‍ക്കാലികമായി വിലക്കാനും ഭേദഗതികളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കാനും അതിന്റെ സ്ഥിരതയും വളര്‍ച്ചയും വര്‍ധിപ്പിക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും ഉയര്‍ത്താനുമാണ് പിഴകള്‍ പരിഷ്‌കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണി സ്ഥിരതയെ പിന്തുണക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനും അതുവഴി സ്വകാര്യ മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.



