ആലപ്പുഴ: തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളികുന്നം വട്ടയ്ക്കാട് കാമ്പിശ്ശേരി കരുണാകരൻ സ്‌മാരക ഗവൺമെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്ത കുട്ടികളുടെ കഥ പറയുന്ന ലോക പ്രശസ്‌ത ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവനാണ് (ബച്ചേഹ യേ ആസ്മാൻ) പ്രദർശിപ്പിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രദർശനം വള്ളികുന്നം മണയ്ക്കാട് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ദരിദ്രരും നിഷ്‌കളങ്കരുമായ രണ്ടു കുട്ടികളെയും അവരുടെ നഷ്ടപ്പെട്ട ഒരുജോഡി ഷൂസിനെയും അടിസ്ഥാനമാക്കി ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യരുടെ നിസ്സഹായമായ ജീവിതാവസ്ഥകളെ ലളിതവും തീവ്രവുമായി ആവിഷ്‌കരിക്കുന്ന കുട്ടികളുടെ ഈ ചലച്ചിത്രം മലയാളം സബ്‌ടൈറ്റിലോടെയാണ് പ്രദർശിപ്പിച്ചത്.
സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗായകൻ കെ.പി.എ.സി ചന്ദ്രശേഖരൻ, ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. സുഷമ അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ പി.കൃഷ്ണകുമാർ, പി.റ്റി.എ പ്രസിഡൻറ് പ്രകാശ് വാസു, ഫിലിം സൊസൈറ്റി ട്രഷറർ അജയൻ പോക്കാട്ട്, ആർ.സാബു, അഡ്വ. ഗീത സലിം, ടി.ആർ.ബാബു, എൻ.എസ്.സലിം കുമാർ എന്നിവർ നേതൃത്വം നൽകി.