റിയാദ് – പ്രശസ്തമായ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ഫ്യൂം കട സൗദി വനിതാ ജീവനക്കാരി അടിച്ചുതര്‍ത്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്റ്റോര്‍ മാനേജ്മെന്റുമായുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ജീവനക്കാരി സ്ഥാപനം അടിച്ചുതകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍. മാള്‍ സെക്യൂരിറ്റി ജീവനക്കാരും ഉപയോക്താക്കളും ഉള്‍പ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്ന ഏതാനും പേര്‍ ഇടപെട്ട് ജീവനക്കാരിയെ ശാന്തയാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടു. സംഭവം ശ്രദ്ധയില്‍ പെട്ടയുടനെ മന്ത്രാലയത്തിനു കീഴിലെ ഫീല്‍ഡ് മോണിറ്ററിംഗ് ടീമുകള്‍ സംഭവത്തിന്റെ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാനായി അന്വേഷണ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ വഴി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വിശദീകരിച്ചു. നിയമപരമായ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരിയുമായി മന്ത്രാലയം നേരിട്ട് നടത്തിയ ആശയവിനിമയത്തിലൂടെ ഇവര്‍ വളരെ അടുത്തിടെ 2026 മെയ് 13 നാണ് സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നതെന്ന് വ്യക്തമായി.
ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംഘങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. നിയമ ലംഘനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ നിര്‍ദ്ദിഷ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സൗദി തൊഴില്‍ വിപണിയില്‍ സുരക്ഷിതവും സുസ്ഥിരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ശക്തമായ പരിശോധനകളിലൂടെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമ വ്യവസ്ഥകളും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശക്തമായ നിലപാടും തുടര്‍ച്ചയായ പ്രതിബദ്ധതയും മന്ത്രാലയം സ്ഥിരീകരിച്ചു.



