റഫ്ഹ: ഉത്തര അതിർത്തി പ്രവിശ്യയിൽ ലൈസൻസില്ലാതെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്ത അറബ് വംശജനായ പ്രവാസിയെ ആരോഗ്യ മന്ത്രാലയം സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള തുടർനിരീക്ഷണത്തിന്റെ ഭാഗമായാണ് വ്യാജ ഡോക്ടറെ പിടികൂടിയത്.
ഒക്യുപേഷണൽ തെറാപ്പി, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, സ്ട്രോക്കിനു ശേഷമുള്ള ചികിത്സ, ഡിസ്ക് ചികിത്സ, പൊതുക്ഷീണം തുടങ്ങിയവയ്ക്ക് പ്രതി തന്റെ സ്വകാര്യ കാറിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സ നൽകിയിരുന്നു. ഇത് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും രോഗികളുടെ ജീവന് അപകടകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. ആറ് മാസം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം പറഞ്ഞു. യോഗ്യരായ സ്പെഷ്യലിസ്റ്റുകളും ലൈസൻസുള്ള സ്ഥാപനങ്ങളും മാത്രമാണ് ആരോഗ്യ സേവനം നൽകേണ്ടതെന്ന് ഉറപ്പാക്കാനാണ് ശ്രമം. നിയമലംഘനങ്ങളോ ക്രമരഹിതമായ ചികിത്സാ രീതികളോ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ഏകീകൃത കോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾ തടയാൻ സാമൂഹിക അവബോധവും സഹകരണവും നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.