റിയാദ് – കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിക്കുകയും പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുകയും ചെയ്ത സ്ഥാപനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടപ്പിച്ചു.
സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. നിയമ വിരുദ്ധ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം സൗന്ദര്യവര്‍ധക ഉല്‍പന്ന പേക്കറ്റുകള്‍ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഉപഭോക്തൃ ആരോഗ്യത്തിനും സുരക്ഷക്കും നേരിട്ട് ഭീഷണി ഉയര്‍ത്തുന്നു.
സൗന്ദര്യവര്‍ധക ഉല്‍പന്നത്തില്‍ വഞ്ചനയും കൃത്രിമവും നടത്തുകയോ, മായം കലര്‍ന്നതോ, കേടായതോ, കാലഹരണപ്പെട്ടതോ, ലിസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടാത്തതോ ആയ ഉല്‍പന്നങ്ങള്‍ വ്യാപാരം നടത്തുകയോ ചെയ്യുന്ന ഏതൊരാളെയും നിയമ ലംഘകനായി കോസ്‌മെറ്റിക്‌സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 കണക്കാക്കുന്നു. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 50 ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പ്രാദേശിക വിപണിയില്‍ ക്രയവിക്രയം ചെയ്യുന്ന സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ അംഗീകൃത നിയമങ്ങളും നിയമാവലികളും പാലിക്കേണ്ടത് പ്രധാനമാണ്. മുഴുവന്‍ നിയമ ലംഘനങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും വഞ്ചനയും കൃത്രിമവും കാണിക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.