റിയാദ് – ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പള്ളിക്കവല മൗലൂദ് പുര സ്വദേശി ബീരാസ് ഈരേത്ത് അലിയാര്‍ (55) ആണ് മരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് സ്വകാര്യ ഗ്രൂപ്പിലാണ് ഇദ്ദേഹം ഉംറ നിര്‍വഹിക്കാനെത്തിയത്.
കര്‍മങ്ങളെല്ലാം നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തിരമായി റിയാദില്‍ ലാന്‍ഡ് ചെയ്ത് ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സഹയാത്രികര്‍ വിസ കാലാവധി അവസാനിക്കാറായതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോയി.
പെരുമ്പാവൂര്‍ ചെമ്പാരത്ത് കുന്ന് മഹല്ലില്‍ മദ്രസ അധ്യാപകനായി അലിയാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ്: അലിയാര്‍ വീരാവു, മാതാവ്: സുലൈഖ, ഭാര്യ: ആരിഫ മീതിയന്‍. മക്കള്‍: സൂഫിയ, മുഹമ്മദ് യാസീന്‍, മുഹമ്മദ് ഹദ്ദാദ്, ഇസ്മത്ത് ചിസ്തി, ഗരീബ് നവാസ്.