ജിദ്ദ – സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും അടക്കമുള്ള 1.01 കോടിയിലേറെ ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോമില്‍ ഡോക്യുമെന്റ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരുപോലെ ഉറപ്പുവരുത്താനും തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം തൊഴില്‍ കരാര്‍ പ്രാമാണീകരണം നടപ്പാക്കുന്നത്. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്ന ഏറ്റവും സജീവമായ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളിലൊന്നായി മാറിയിരിക്കുകയാണ് ഖിവാ പ്ലാറ്റ്‌ഫോം.
രരജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. സ്ഥാപന സ്ഥലങ്ങളുടെ എണ്ണം 14 ലക്ഷത്തിലുമെത്തി. സൗദി തൊഴില്‍ വിപണിയില്‍ 31 ലക്ഷത്തിലധികം സജീവ സ്ഥാപന പ്രൊഫൈലുകളും ഉണ്ട്വിവിധ നടപടിക്രമങ്ങള്‍ തടസ്സമില്ലാതെ കൈകാര്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കഴിവും പേപ്പര്‍ ഇടപാടുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിലുള്ള പങ്കും ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
സമീപ കാലത്ത് നിരവധി സേവനങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയും ഏതാനും സേവനങ്ങള്‍ പുതുതായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തല്‍ക്ഷണ വിസ അനുവദിക്കുന്നതിന് വിസ സേവനങ്ങള്‍ വികസിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും വിസ റദ്ദാക്കാനുമുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തല്‍, എല്ലാ ഘട്ടങ്ങളിലും ഇലക്‌ട്രോണിക് കരാറുകള്‍ കൈകാര്യം ചെയ്യാനുള്ള ഖിവാ വ്യക്തിഗത അക്കൗണ്ടിന്റെ ശേഷികള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സൗദിവല്‍ക്കരണത്തില്‍ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള നിതാഖാത്ത് കാല്‍ക്കുലേറ്റര്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ കണക്കുകൂട്ടാന്‍ സഹായിക്കുന്ന സാമ്പത്തിക കാല്‍ക്കുലേറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള പുതിയ ഉപകരണങ്ങളും പ്ലാറ്റ്ഫോം പുറത്തിറക്കി. ഡിജിറ്റല്‍ പ്രകടനത്തിലെ പുരോഗതിക്ക് ഖിവാ പ്ലാറ്റ്‌ഫോമിന് മൂന്ന് ആഗോള അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ഉപയോക്തൃ അനുഭവം, മികച്ച പരാതി കൈകാര്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണ അവാര്‍ഡുകള്‍, കൃത്രിമബുദ്ധിയുടെ മികച്ച ഉപയോഗത്തിനുള്ള വെങ്കല അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്.



