ജിദ്ദ– സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ വരെ പിഴയും മൂന്നു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും. തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള ബന്ധം ക്രമീകരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന തൊഴിലുടമക്ക് പുതിയ വിസയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും 20,000 റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ റിക്രൂട്ട്‌മെന്റ് വിലക്ക് ആജീവനാന്തമാക്കി ദീർഘിപ്പിക്കും. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കും.
നിയമം ലംഘിക്കുന്ന ഗാർഹിക തൊഴിലാളിക്ക് 2,000 റിയാൽ വരെ പിഴയോ സൗദിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായ വിലക്കോ നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ചെലവുകളും അവർ സ്വയം വഹിക്കേണ്ടിവരും. സന്തുലിതാവസ്ഥ കൈവരിക്കാനും പരസ്പര അവകാശങ്ങളും കടമകളും സംരക്ഷിക്കാനുമായി ഇരു കക്ഷികളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള നിയമത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. ക്രമരഹിതമായ രീതികൾ ചെറുക്കാനും തൊഴിൽ വിപണിയെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, സൗദിയിലെ ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കുള്ള കഠിനമായ ശിക്ഷകളും നിയങ്ങളിൽ ഉൾപ്പെടുന്നു. നിയമ ലംഘനത്തിന്റെ ഇനം, ആവർത്തനം എന്നിവക്ക് അനുസരിച്ച് 5,000 റിയാൽ മുതൽ 1,00,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ലഭിക്കും.