റിയാദ്– ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൗദിയിലെത്തി. ജനുവരി 31ന് നടക്കുന്ന റിയാദ് മാരത്തോൺ – 2026 ൽ 75 ആം വയസിൽ ആദിത്യൻ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഇതിനകം വാരിക്കൂട്ടിയ പ്രതിഭയാണ് ആദിത്യൻ. എഴുത്തിലും ഓട്ടത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ മുന്നേറിയ ആദിത്യന്റെ ജീവിതം യുവതലമുറക്ക് മാതൃകയാണ്.
ഭാരത് ഇലക്ട്രോണിക്‌സിൽ ഫിനാൻസ് മാനേജറായി വിരമിച്ച ഒരു സ്വതന്ത്ര എഴുത്തുകാരനും വെറ്ററൻ കായികതാരവുമാണ് ഇ.എം ആദിത്യൻ. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്; ചിലത് പല ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. A മുതൽ Z വരെ എല്ലാ അക്ഷരങ്ങളിൽ തുടങ്ങുന്ന ലേഖനങ്ങൾ എഴുതിയതിനും മറ്റ് സൃഷ്ടികൾക്കും ഗിന്നസ് ബുക്കിന്റെ ഷോർട്ട്‌ലിസ്റ്റിൽ രണ്ട് പ്രാവശ്യം ഇടം നേടി. 1997-ൽ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാൻ ഓഫ് ദി ഇയർ ബഹുമതിയും ലഭിച്ചു.
64-ാം വയസിലാണ് കായികരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ ഓട്ടം, മാസ്റ്റേഴ്സ് മീറ്റ്, സംസ്ഥാന–ദേശീയ വെറ്ററൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്തു നിരവധി മെഡലുകൾ നേടി. 74-ാം വയസിൽ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിലും പങ്കെടുത്തിരുന്നു.
ലോകപ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുമായി കത്തിടപാടുകൾ നടത്തുന്നത് ആദിത്യന്റെ പതിവ് ശീലമാണ്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ജാക്വസ് റോഗ്, മൻമോഹൻ സിങ്, ടി.എൻ ശേഷൻ, ഇ.എം.എസ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ കയ്യൊപ്പ് പതിഞ്ഞ കത്തുകൾ അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്.
അജ്ഞാതർക്കും പീഡിതർക്കും നീതി ലഭിക്കാൻ പല വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. യാത്രയും നടപ്പും ചരിത്രാന്വേഷണവും ചേർത്ത് ദീർഘ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സമത്വവും നീതിയും നിറഞ്ഞ ഒരു ലോകം എന്ന സ്വപ്നത്തോടെ സാമൂഹിക ബോധവൽക്കരണത്തിനായി അദ്ദേഹം എഴുത്തും പ്രവർത്തനങ്ങളും തുടരുന്നു.



