ജിദ്ദ – ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് മുമ്പ് പ്രയോജനപ്പെടുത്തണമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.
ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അപേക്ഷ മുസാനിദ് വഴി ഇലക്‌ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാനാകും.
അപേക്ഷകള്‍ അംഗീകരിച്ച ശേഷം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അപേക്ഷകള്‍ അബ്ശിര്‍ പ്ലാറ്റ്ഫോമിലേക്ക് അയക്കും. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.
ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതിന് പുതിയ തൊഴിലുടമക്ക് സജീവവും പൂര്‍ണവുമായ മുസാനിദ് അക്കൗണ്ടും, അബ്ശിര്‍ അക്കൗണ്ടും ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. തൊഴിലുടമയുടെ പേരില്‍ ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ പിഴകള്‍ എല്ലാം അടച്ചു തീർക്കണ്ടേതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക വിലക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന മറ്റു അപേക്ഷകളും ഉണ്ടായിരിക്കരുത്. തൊഴിലാളിയുടെ പ്രൊഫഷന്‍ അംഗീകൃത ഗാര്‍ഹിക തൊഴിലായിരിക്കണം. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലാളി സമ്മതം നിർബന്ധമാണ്. ഇതിനു ശേഷം ഫീസ് അടക്കുകയും അബ്ശിര്‍ വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ് വേണ്ടത്.
പ്രൊഫഷണല്‍ അന്തസ്സ് സംരക്ഷിക്കുകയും എല്ലാ കക്ഷികളുടെയും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്ന ഇലക്‌ട്രോണിക് പരിഹാരങ്ങളിലൂടെ തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനും, അവകാശങ്ങളും കടമകളും കൈവരിക്കാനും, ഇഖാമ, തൊഴില്‍ നിയമ പാലനം വര്‍ധിപ്പിക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഹുറൂബാക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ പദവി ശരിയാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്



