റിയാദ്– സൗദിയിൽ ഡെലിവറി മേഖലയിൽ ഡ്രോണുകളെ ഉപയോഗിക്കാനുള്ള പദ്ധതി വൈകാതെ നിലവിൽ വരുമെന്ന് സൂചന. ഡെലിവറിക്കായി ഡ്രോൺ ഉപയോഗിക്കുന്നതിന്റെ പരീക്ഷണം ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആക്ടിംഗ് ചെയർമാനുമായ ഡോ. റുമൈഹ് അൽറുമൈഹിന്റെ സാന്നിധ്യത്തിൽ ഇന്ന് നടത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും സഹകരിച്ചാണ് പരീക്ഷണം നടത്തിയത്.
ഡെലിവറി മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് തപാൽ, പാഴ്‌സൽ മേഖലയിലെ പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നതായി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഇത് ഡെലിവറി സേവനങ്ങളുടെ ഏരിയ വർധിപ്പിക്കാനും ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് അനുസൃതമായി പ്രശ്‌ന പരിഹാരങ്ങൾ വികസിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന്റെ പരീക്ഷണങ്ങൾ വേഗതയേറിയതാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ വ്യോമയാന സുരക്ഷ, പരിസ്ഥിതി സുസ്ഥിരതാ ഡെപ്യൂട്ടി സി.ഇ.ഒ ക്യാപ്റ്റൻ സുലൈമാൻ അൽമുഹൈമിദി പറഞ്ഞു. ഉയർന്ന സുരക്ഷക്കും ഗുണനിലവാര മാനദണ്ഡങ്ങൾക്കും അനുസൃതമായി ഡ്രോണുകൾ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ തയാറാക്കിയ വിപുലമായ ചട്ടങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.