ജിദ്ദ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ തൃശൂര്‍ സ്വദേശി ഡോ. രാജു എസ്. കുമാറിന്റെ വൈവിധ്യമാര്‍ന്ന ജീവിതത്തിലൂടെ…
ജിദ്ദ: സൗദിയിലെ മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി അനവധി വിദ്യാഭ്യാസ ശില്‍പശാലകളും സെമിനാറുകളും നടത്തി ശ്രദ്ധേയനായിത്തീര്‍ന്ന മലയാളി ഡോക്ടര്‍ രാജു സുരേഷ് കുമാറിന്റെ ജീവിതം ഗവേഷണപഠനങ്ങളുടേയും സാമൂഹിക സേവനത്തിന്റേയും ചരിത്രം കൂടിയാണ്. ജിദ്ദയിലെ പ്രസിദ്ധമായ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ മെഡിക്കല്‍ ഫിസിയോളജിയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഡോ. രാജു തൃശൂര്‍ സ്വദേശിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വെബിനാറുകളും പരിശീലനക്ലാസുകളും വിവിധ രാജ്യക്കാരായ, ഈ രംഗത്തെ മെഡിക്കല്‍ അധ്യാപകരെ സംബന്ധിച്ചേടത്തോളം വലിയൊരനുഗ്രഹമാണ്. തീര്‍ച്ചയായും പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഡോ. രാജു കൊയ്‌തെടുക്കുന്നത്. അക്കാദമിക രംഗത്തെ വിശിഷ്ടമായ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന്റെ അധ്യാപനത്തിന് പൊന്‍തൂവലായി മാറിയിരിക്കുന്നു.
തൃശൂര്‍ ശ്രീകേരള വര്‍മ കോളേജില്‍ നിന്ന് ബി.എസ്‌സി സുവേളജിയില്‍ ബിരുദമെടുത്ത ശേഷം മെഡിക്കല്‍ ഫിസിയോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തത് മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നിന്നാണ്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോ സയന്‍സില്‍ പി.എച്ച്. ഡിയുമെടുത്തു, പഠനഗവേഷണങ്ങളില്‍ ആദ്യം തൊട്ടേ തല്‍പരനായ ഡോ. രാജു സുരേഷ്‌കുമാര്‍. മണിപ്പാലില്‍ നിന്നുതന്നെയാണ് അധ്യാപകവൃത്തിയുടെ ഹരിശ്രീ കുറിച്ചത്. കര്‍ണാടയ്ക്കകത്തും പുറത്തും പ്രസിദ്ധമായ മണിപ്പാലിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റു അനുബന്ധ ഹെല്‍ത്ത് വിഭാഗം വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ മെഡിക്കല്‍ ഫിസിയോളജിയില്‍ ക്ലാസെടുത്ത് ‘ഡോക്ടര്‍മാരുടെ ഡോക്ടറാ ‘ -യി മാറിയ ഡോ. രാജു അനുഭവസമ്പന്നമായ പതിമൂന്ന് വര്‍ഷം മണിപ്പാലില്‍ ചെലവിട്ടു. ആരോഗ്യരംഗത്തെ പഠനത്തിനും മനനത്തിനുമെല്ലാം വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിച്ച മണിപ്പാലിലെ ജീവിതം മറക്കാനാവില്ലെന്ന് ഡോ. രാജു പറയുന്നു. അവിടെ സേവനം ചെയ്ത മുഴുവന്‍ വര്‍ഷങ്ങളിലും ഫാക്കല്‍ട്ടിയുടെ സ്റ്റൂഡന്റ്‌സ് റേറ്റിംഗില്‍ എപ്പോഴും ആദ്യത്തെ അഞ്ച് അധ്യാപകരുടെ പട്ടികയില്‍ ഡോ. രാജുവിന് ഇടംപിടിക്കാനായത് വിദ്യാര്‍ഥികള്‍ നല്‍കിയ അംഗീകാരത്തിന്റേയും ആദരവിന്റേയും അടയാളമാണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
കോഗ്നിറ്റീവ് ന്യൂറോ സയന്‍സ്, മെഡിക്കല്‍ എജുക്കേഷന്‍, മെഡിക്കല്‍ ഫിസിയോളജി എന്നീ വിഷയങ്ങളിലാണ് ഡോ. രാജുവിന്റെ ഗവേഷണതാല്‍പര്യം. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സെമിനാറുകളിലും സിംപോയിസങ്ങളിലും സങ്കീര്‍ണമായ ഈ വിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിക്കുന്നതിനും ക്ലാസുകളെടുക്കുന്നതിനും ഡോ. രാജു ക്ഷണിക്കപ്പെട്ടു. ആരോഗ്യരംഗത്തെ പ്രശസ്തമായ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന ഇത്തരം വേദികളിലെ ഈ മലയാളി സാന്നിധ്യം പലനിലയ്ക്കും ശ്രദ്ധിക്കപ്പെട്ടുപോന്നു. ഇന്ത്യയ്ക്കു പുറത്തുള്ള ഈ വിഷയത്തിന്റെ വൈവിധ്യവും പഠനഗവേഷണങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഡോ. രാജു നിരീക്ഷിച്ചത്. അങ്ങനെയാണ് പത്ത് വര്‍ഷം മുമ്പ് ജിദ്ദയിലെത്തിയത്.
ജിദ്ദയിലെ പ്രശസ്തമായ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ നിയമനം ഏറെ നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടിക്ക് വേണ്ടി ഈ വിഷയങ്ങളിലൂന്നിയ വ്യത്യസ്ത തരത്തിലുള്ളതും പഠനാര്‍ഹവുമായ മെഡിക്കല്‍ എജുക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ ഡോ. രാജുവിന്റെ പങ്ക് നിര്‍ണായകമാണ്. സൗദിയ്ക്കകത്ത് നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഫാക്കല്‍ട്ടി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബിനാറുകളുടെ പ്രാതിനിധ്യം നൂറുക്കണക്കിന് വിദഗ്ധരുള്‍പ്പെടുന്നതായിരുന്നു.
പ്രസിദ്ധമായ നിരവധി അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ ഗവേഷണപ്രബന്ധങ്ങള്‍ ഡോ. രാജുവിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. രാജു യോഗ പഠനങ്ങളിലും ഗവേഷണങ്ങളിലും അതീവ തല്‍പരനാണ്. സൗദിയില്‍ യോഗ പ്രചരിപ്പിക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള, അറബ് യോഗ ഫൗണ്ടേഷന്‍ മേധാവി കൂടിയായ പദ്മശ്രീ നൗഫ് അല്‍ മര്‍വായ് എന്ന സൗദി വനിതയുടെ സഹകരണത്തോടെ സൗദിയിലെ യോഗാ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമാവശ്യമായ അക്കാദമിക റെവ്യൂകളിലും ഡോ. രാജുവിന്റെ കൈയൊപ്പുണ്ട്.
കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം സെമസ്റ്റര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവരുടെ ഹ്രസ്വകാല ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ പരമ്പരാഗത വ്യായാമചികില്‍സാ രീതിയായ യോഗയുടെ ഗുണങ്ങളെപ്പറ്റിയും ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ യോഗ ഉപകാരപ്പെടുമെന്ന വിഷയത്തില്‍ ഊന്നിക്കൊണ്ടും ഡോ. രാജു അവതരിപ്പിച്ച പ്രബന്ധം ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആരോഗ്യപഠനത്തോടും തല്‍സംബന്ധമായ പഠനങ്ങളോടുമൊപ്പം മറ്റു പൊതുവിഷയങ്ങളിലും ധൈഷണികമായ ഇടപെടലുകളാണ് ഡോ, രാജു നടത്തിക്കൊണ്ടിരിക്കുന്നത്. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷനലിലെ അറിയപ്പെടുന്ന പബ്ലിക് സ്പീക്കര്‍ കൂടിയാണ് ഇദ്ദേഹം.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ നഗരത്തില്‍ തലമുറകളായി ചരിത്രപരവും വാണിജ്യപരവുമായ വേരുകള്‍ ആഴ്ത്തിയ ഒരു കുടുംബത്തിന്റെ മഹിതപൈതൃകം ഡോ. രാജുവിന്റെ സിരകളിലോടുന്നുണ്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള എം.ആര്‍. മേനോന്‍ സണ്‍സ് പലചരക്ക് കട ഡോ. രാജുവിന്റെ മുന്‍തലമുറയുടേതാണ്. ഇപ്പോഴും അച്ഛന്‍ പള്ളത്ത് ബാബുമേനോന്‍ ഈ കട നടത്തി വരുന്നു. സ്വാമി വിവേകാനന്ദന്‍ തൃശൂരില്‍ വന്നപ്പോള്‍ ഈ കടയില്‍ നിന്ന് വെള്ളം കുടിച്ച് വിശ്രമിച്ചാണ് മടങ്ങിയതെന്ന കാര്യം പ്രദേശത്തെ പഴയ തലമുറയിലുള്ളവര്‍ മറന്നുകാണില്ല. ബാബുമേനോനെപ്പോലെ മകന്‍ ഡോ. രാജുവും മെഡിക്കല്‍ അധ്യാപനത്തോടൊപ്പം ചരിത്രത്തിലും സംസ്‌കാരത്തിലും സംഗീതത്തിലുമെല്ലാം അതീവതാല്‍പര്യം പ്രകടിപ്പിക്കുന്നു. ബാബു മേനോന്റെ ഓരോ പ്രവര്‍ത്തനത്തിന്റേയും വിജയശില്‍പിയായി ഒപ്പം നിന്നു പിന്തുണച്ച ജീവിതസഖി മീനാക്ഷി ( ഡോ. രാജുവിന്റെ മാതാവ്) മൂന്നു വര്‍ഷം മുമ്പ് നിര്യാതയായി.
എം.ആര്‍. മേനോന്‍ സണ്‍സ് പലചരക്കുകടയില്‍ നിന്ന് ഉപ്പോ മുളകോ തൂക്കിവാങ്ങുമ്പോള്‍ നാട്ടുകാര്‍ ചരിത്രമാണ് വീട്ടിലേക്ക് തൂക്കിയെടുക്കുന്നത്. ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയാല്‍ ചരിത്രസ്മാരകത്തില്‍ നിന്ന് എന്തെങ്കിലും വാങ്ങിയെന്ന് പറഞ്ഞാല്‍പോലും തെറ്റാവില്ല. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തിലായിരുന്നു ഈ കടയുടെ ശതാഭിഷേകം, അഥവാ എന്‍പത്തിനാലാം പിറന്നാള്‍. ഇന്നിപ്പോള്‍ ഏറ്റവും ജനത്തിരക്കേറിയ സ്വരാജ് റൗണ്ട് പഞ്ചായത്ത് വഴി പോലെ കിടന്നിരുന്ന കാലത്ത് തുടങ്ങിയ കട ഇന്നും പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത് അല്‍ഭുതമാണ്. കച്ചവടപാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും ബാബുമേനോന്റെ മുത്തച്ഛന്‍ കാരികത്ത് രാമന്‍ മേനോന്‍ നാട്ടുകാര്‍ക്ക് വേണ്ടി തുടങ്ങിയതായിരുന്നു കട. അഞ്ചാം തലമുറക്കാരനായ, കച്ചവടത്തില്‍ നേരും നെറിയുമുള്ള ബാബുമേനോന്‍ തൃശൂര്‍ നഗരത്തിനകത്തും പുറത്തുമുള്ള എല്ലാവരുടേയും പ്രിയംകരനാണ്. മരണാനന്തരച്ചടങ്ങുകള്‍ക്കായുള്ള സാധനങ്ങളെല്ലാം ആര് വന്നു ചോദിച്ചാലും ഏത് പാതിരാത്രിയിലും ബാബു മേനോന്‍ കട തുറന്ന് സംഘടിപ്പിച്ച് കൊടുക്കും. സാമൂഹിക സേവനരംഗത്തെ നിസ്തുല സംഭാവനകളുടെ കരുത്തില്‍, ആത്മാര്‍ഥത വഴിയുന്ന ജനനന്‍മയുടെ ഊര്‍ജമാണ് എണ്‍പതുകളുടെ പടിവാതിലിലെത്തിയിട്ടും തന്റെ പിതാവിന്റെ ജീവിതത്തെ ഊര്‍ജസ്വലമാക്കുന്നതെന്ന് ഡോ. രാജു പറയുന്നു.
ജിദ്ദ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ മെഡിക്കല്‍ ഫിസിയോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി (മെഡിക്കല്‍ ഫിസിയോളജി കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍, കോളേജ് ഓഫ് സയന്‍സ് ആന്റ് ഹെല്‍ത്ത് പ്രൊഫഷന്‍) ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. രാജുവിന്റെ പത്‌നി ദിവ്യ, ഫെഡറല്‍ ബാങ്കില്‍ സീനിയര്‍ മാനേജരും തൃശൂര്‍ കോടാലി ബ്രാഞ്ച് ഹെഡുമായി പ്രവര്‍ത്തിക്കുന്നു. മകന്‍ ചിന്‍മയ് ആര്‍. മേനോന്‍ പതിനൊന്നാം ക്ലാസിലും മകള്‍ ലക്ഷ്മി ആര്‍. മേനോന്‍ ഏഴാം ക്ലാസിലും പഠിക്കുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇത്തവണ 96 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടിയ ചിന്‍മയ് മോനോനെ സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചിരുന്നു.