മക്ക – വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആഭ്യന്തര തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. ഹജ് ബുക്കിംഗ് നടത്തിയിട്ടുണ്ടെന്ന് തീര്‍ഥാടകര്‍ ഉറപ്പുവരുത്തണം. ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണം. അജ്ഞാതവും വ്യാജവുമായ ഹജ് പരസ്യങ്ങളില്‍ കുടുങ്ങരുത്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇ-ട്രാക്കില്‍ പ്രവേശിച്ച് ഇ-സേവനങ്ങള്‍ തെരഞ്ഞെടുത്ത് ലൈസന്‍സുള്ള ഹജ് സര്‍വീസ് കമ്പനികളെയും സ്ഥാപനങ്ങളെയും കുറിച്ച അന്വേഷണം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് അംഗീകൃത ഹജ് സര്‍വീസ് കമ്പനികളെ കുറിച്ച് ഉറപ്പുവരുത്താന്‍ സാധിക്കും. ഹജിന് അവസരം ലഭിക്കുന്നത് ഉറപ്പുവരുത്താന്‍ ലൈസന്‍സില്ലാത്ത വ്യാജ ഹജ് സര്‍വീസ് കമ്പനികളെ ഒഴിവാക്കണമെന്നും ഹജ്, ഉംറ മന്ത്രി ആവശ്യപ്പെട്ടു.