ജിദ്ദ : കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സോമാലിയയിലും യെമനിലും സിറിയയിലും വിതരണം ചെയ്ത ഫിത്ര്‍ സകാത്തിന്റെ പ്രയോജനം എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് ലഭിച്ചതായി കണക്ക്. ഫിത്ര്‍ സകാത്ത് ആയി അരിയും ഗോതമ്പുമാണ് വിതരണം ചെയ്തത്. ഏറ്റവുമധികം ഫിത്ര്‍ സകാത്ത് വിതരണം ചെയ്തത് സിറിയയിലാണ്. ഇവിടെ 25 കിലോ വീതം തൂക്കമുള്ള 62,250 ചാക്ക് ഗോതമ്പ് വിതരണം ചെയ്തു. നിര്‍ധനരായ 2,73,500 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സോമാലിയയില്‍ 20 കിലോ വീതം തൂക്കമുള്ള 40,920 ചാക്ക് അരിയാണ് വിതരണം ചെയ്ത്. 2,45,520 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. യെമനില്‍ 20 കിലോ വീതം തൂക്കമുള്ള 31,333 ചാക്ക് അരി വിതരണം ചെയ്തു. യെമനില്‍ 2,19,331 പേര്‍ക്ക് ഫിത്ര്‍ സകാത്ത് വിതരണം പ്രയോജനപ്പെട്ടു.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ ലോകത്തെ 98 രാജ്യങ്ങളില്‍ 600 കോടിയിലേറെ ഡോളര്‍ ചെലവഴിച്ച് 2,829 ലേറെ റിലീഫ് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ജലം, പരിസ്ഥിതി ആരോഗ്യം, പാര്‍പ്പിടം അടക്കമുള്ള സുപ്രധാന മേഖലകളിലാണ് റിലീഫ് പദ്ധതികള്‍ നടപ്പാക്കിയത്. വിവിധ രാജ്യങ്ങളിലെ നിര്‍ധനരും ഏറ്റവും ദുര്‍ബലരുമായ വിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനങ്ങളും കൂടാതെ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങളുടെ പ്രയോജനം ദശലക്ഷക്കണക്കിനാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
സുഡാനിലെ പോര്‍ട്ട് സുഡാന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ 724 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. അഭയാര്‍ഥികളും നിര്‍ധനരും അടക്കം 3,760 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ലെബനോനില്‍ സിറിയക്കാര്‍ക്കും ഫലസ്തീനികള്‍ക്കും ദക്ഷിണ ലെബനോന്‍ നിവാസികള്‍ക്കുമിടയില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ കഴിഞ്ഞയാഴ്ച ഒന്നര ലക്ഷം പേക്കറ്റ് റൊട്ടി വിതരണം ചെയ്തിരുന്നു. 62,500 പേര്‍ക്ക് ഇത് പ്രയോജനപ്പെട്ടു.
ക്യാപ്.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സോമാലിയയിലും യെമനിലും വിതരണം ചെയ്ത ഫിത്ര്‍ സകാത്ത് അരി ചാക്കുകളുമായി ഗുണഭോക്താക്കള്‍.