ജിദ്ദ: സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പങ്ക് 15.6 ശതമാനമായി വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2022 നെ അപേക്ഷിച്ച് 1.6 ശതമാനം വര്‍ധനവാണിത്. ഇന്ന് പുറത്തിറങ്ങിയ 2023 ഡിജിറ്റല്‍ ഇക്കണോമി സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനാലാണ് ഈ വിവരങ്ങളുള്ളത്. 2023 ല്‍ ടെലികോം, ഐ.ടി ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.
2023 ല്‍ 54.9 ബില്യണ്‍ റിയാലിന്റെ ടെലികോം, ഐ.ടി ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. 2022 ല്‍ ഇത് 45.8 ബില്യണ്‍ റിയാലായിരുന്നു. ടെലികോം, ഐ.ടി ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 19.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത്തരം സാങ്കേതികവിദ്യകളുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും 2023 ല്‍ 76.1 ശതമാനം തോതില്‍ വര്‍ധിച്ച് 11.8 ബില്യണ്‍ റിയാലായി. 2022 ല്‍ ഇത് 6.7 ബില്യണ്‍ റിയാലായിരുന്നു.
സ്മാര്‍ട്ട് അലാറം സിസ്റ്റങ്ങള്‍, സ്മാര്‍ട്ട് മീറ്ററുകള്‍, സ്മാര്‍ട്ട് ലൈറ്റിംഗ്, സ്മാര്‍ട്ട് നിരീക്ഷണ ക്യാമറകള്‍ എന്നിവ അടക്കമുള്ള സ്മാര്‍ട്ട് ഉപകരണങ്ങളോ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് സിസ്റ്റങ്ങളോ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ അനുപാതം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മൊത്തം സ്ഥാപനങ്ങളുടെ 71.6 ശതമാനത്തില്‍ എത്തി. 2023 ല്‍ ടെലികോം, ഐ.ടി മേഖലയുടെ പ്രവര്‍ത്തന വരുമാനം 236.4 ബില്യണ്‍ റിയാലും പ്രവര്‍ത്തന ചെലവ് 115.4 ബില്യണ്‍ റിയാലുമായിരുന്നു. ഈ മേഖലയില്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമായി 27.5 ബില്യണ്‍ റിയാല്‍ വിതരണം ചെയ്തു.
സാങ്കേതികവിദ്യ ഉല്‍പന്നങ്ങളും സേവനങ്ങളും ഉല്‍പാദിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന തലത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലെ സംഭാവന 2.6 ശതമാനത്തില്‍ എത്തി. ഡിജിറ്റല്‍ ഇന്‍പുട്ടുകളെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ അടങ്ങിയ ഇടുങ്ങിയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഭാവന 2.3 ശതമാനമായി. ഡിജിറ്റല്‍ ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും ഗണ്യമായി മെച്ചപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വിശാലമായ തലത്തിന്റെ സംഭാവന മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 10.7 ശതമാനത്തില്‍ എത്തി.
സൗദി അറേബ്യ പുറപ്പെടുവിക്കുന്ന സൂചകങ്ങളുടെ അന്താരാഷ്ട്ര താരതമ്യം ഉറപ്പാക്കുന്ന, യു.എന്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥാ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട മാനുവലില്‍ അടങ്ങിയിരിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈ സര്‍വേ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group