ജിദ്ദ – അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങള്‍ ഒരു കാലത്തും ഒട്ടകത്തെ കൈയൊഴിഞ്ഞിരുന്നില്ല. തങ്ങളുടെ വ്യതിരിക്തതയുടെയും സമ്പത്തിന്റെയും പ്രകടനവും ഉപജീവന മാര്‍ഗവും യാത്രാ ഉപാധിയായും മുമ്പ് കണ്ടിരുന്ന ഒട്ടകം ഇപ്പോള്‍ അവരുടെ ആധികാരിക പൈതൃകത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. അറേബ്യന്‍ ഉപദ്വീപിലെ മനുഷ്യര്‍ക്കും ഒട്ടകങ്ങള്‍ക്കും ഇടയില്‍ ഒരിക്കലും മുറിയാത്ത മാനുഷിക ബന്ധം ഉണ്ടായിരുന്നു. ‘അല്‍ഹദാ’ എന്ന പേരില്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട മനോഹരമായ ഒരു നാടോടി കല ഇതിന്റെ വികാസനത്തിന് സഹായിച്ചു.
ഒട്ടകങ്ങളെ പ്രീതിപ്പെടുത്താനും പരമ്പരാഗത വാക്കാലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് നടക്കാന്‍ പ്രോത്സാഹിപ്പിക്കാനും പാരായണം ചെയ്യുന്ന ഒരു തരം ലഘു കവിതയാണ് ‘അല്‍ഹദാ’. ഒട്ടകങ്ങളെ വിളിക്കാനും ഒരുമിച്ചുകൂട്ടാനും അവയുമായി ആശയവിനിമയം നടത്താനും ഇത് ഇടയന്മാരെ പ്രാപ്തരാക്കുന്നു. ഒട്ടകങ്ങള്‍ കേള്‍ക്കാനും പ്രതികരിക്കാനും ശീലിച്ച ചില ശബ്ദങ്ങളിലൂടെയും ഭാവങ്ങളിലൂടെയും തങ്ങളുടെ ഒട്ടകങ്ങക്കൂട്ടങ്ങളുമായി ആശയവിനിമയം നടത്താനുള്ള ‘അല്‍ഹദാ’ കല അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. ആഴമേറിയ കിണറുകളില്‍ നിന്ന് ബക്കറ്റില്‍ വെള്ളം കോരുമ്പോള്‍ രണ്ടു പേര്‍ ആവര്‍ത്തിച്ച് ചൊല്ലുന്ന, ചിലപ്പോള്‍ നാലു പേര്‍ ഉച്ചത്തില്‍ ചൊല്ലുന്ന രണ്ടു ശ്ലോകങ്ങള്‍ അടങ്ങുന്ന ലളിതമായ പ്രാസത്തോടു കൂടിയ കവിതാ ശകലത്തിന് സദൃശമാണ് ‘അല്‍ഹദാ’.
ഇത് ഒരു താളൈക്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പരിസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് അതിന്റെ മെലഡികളും അവതരിപ്പിക്കുന്ന രീതിയും വ്യത്യാസപ്പെടുന്നു. അതിന്റെ വാക്കുകള്‍ ശ്രുതിമധുരമാണ്. ഒട്ടകങ്ങളുടെ ഹൃദയങ്ങളെ അത് വശീകരിക്കുന്നു. അതിന്റെ അര്‍ഥങ്ങള്‍ക്ക് ഇടയന്മാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട തലങ്ങളുണ്ട്. ‘അല്‍ഹദാ’ കവിതകളില്‍ ലാളിത്യവും ജലസേചന രീതികളും യാത്രാ ലക്ഷ്യങ്ങളും മരുഭൂ ജീവിതവും ഇടയന്മാരുടെ മനസ്സുകളിലൂടെ കടന്നുപോകുന്ന ആശങ്കകളും സങ്കടങ്ങളും അടങ്ങിയിരിക്കുന്നു.
പ്രവാചകനു മുമ്പുള്ള കാലം മുതല്‍ ‘അല്‍ഹദാ’ അറേബ്യന്‍ ഉപദ്വീപില്‍ അറിയപ്പെട്ടിരുന്നെന്ന് സൗദി സൊസൈറ്റി ഫോര്‍ ക്യാമല്‍ സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ഉതൈബി പറയുന്നു. ദാഹമകറ്റാന്‍ ഒട്ടകങ്ങള്‍ ജല സ്രോതസ്സുകളിലേക്ക് പോകുമ്പോഴോ തീറ്റ തേടി മേച്ചില്‍ പുറത്തേക്ക് നടക്കുമ്പോഴോ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നടക്കുമ്പോഴോ സാധാരണയായി ഒട്ടകങ്ങളോട് ‘അല്‍ഹദാ’ ചൊല്ലാറുണ്ട്. ഒട്ടകങ്ങളുടെ ഒത്തുചേരല്‍, യാത്ര, മേച്ചില്‍ പുറത്തേക്കുള്ള മടക്കം എന്നിവയെ സ്വാധീനിക്കുന്ന ചെറിയ സ്തുതികളാണ് അവ.
‘അല്‍ഹദാ’ക്ക് വ്യത്യസ്ത അവസരങ്ങളുണ്ട്. നിര്‍ഗമന ‘അല്‍ഹദാ’, യാത്രാ ‘അല്‍ഹദാ’, ഔബാല്‍ എന്ന് വിളിക്കപ്പെടുന്ന ഒട്ടകത്തിന് വെള്ളം നല്‍കുമ്പോള്‍ പാരായണം ചെയ്യുന്ന ‘അല്‍ഹദാ’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒട്ടകങ്ങളെ ഒരുമിച്ചു കൂട്ടി അവയെ മേച്ചില്‍ സ്ഥലത്തേക്കോ വിശ്രമ സ്ഥലത്തേക്കോ കൊണ്ടുപോകുന്നതിന് പ്രത്യേകമായ ‘ഹൗബല്‍’ എന്ന് സാധാരണക്കാര്‍ വിളിക്കുന്ന ‘അല്‍ഔബ അല്‍ഹുദാ’യും ഉണ്ട്. കിണറില്‍ നിന്ന് വെള്ളം കോരുമ്പോള്‍ നടത്തം വേഗത്തിലാക്കാന്‍ പ്രോത്സാഹിപ്പിച്ച് ഒട്ടകങ്ങള്‍ക്കു വേണ്ടി പാടുന്ന ‘അല്‍സവാനി അല്‍ഹുദാ’യും ഉണ്ടെന്ന് ഡോ. മുഹമ്മദ് അല്‍ഉതൈബി പറയുന്നു.
ജനപ്രിയ പൈതൃകത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും പ്രമുഖ പൈതൃകങ്ങളില്‍ ഒന്നായി സൗദി അറേബ്യയിലെ അദൃശ്യ സംസ്‌കാരിക പൈതൃക പട്ടികയില്‍ ‘അല്‍ഹദാ’ കല യുനെസ്‌കോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറബ് സമൂഹത്തിന്റെ മനസ്സില്‍, വിശിഷ്യാ സൗദികളുടെ മനസ്സില്‍ ഒട്ടകങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനമുണ്ട്. അറബികളുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പൈതൃകങ്ങളില്‍ ഒന്നാണ് ഒട്ടകം. ഇതിന് സൗദി ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധ ലഭിക്കുന്നു. പൂര്‍വപിതാക്കളുടെ പൈതൃകം സംരക്ഷിക്കാനും വളര്‍ന്നുവരുന്ന തലമുറകളുടെ മനസ്സുകളില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനും ഒട്ടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം ക്യാമല്‍ ക്ലബ്ബ് സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക സംസ്‌കാരവും ഒട്ടകങ്ങളും തമ്മിലുള്ള ഈ അടുത്തബന്ധം കാരണം ഈ വര്‍ഷത്തെ (2024) ഒട്ടകത്തിന്റെ വര്‍ഷം എന്ന് സാംസ്‌കാരിക മന്ത്രാലയം നാമകരണം ചെയ്തിട്ടുണ്ട്.