ജിദ്ദ : സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഫെബ്രുവരിയില്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വന്‍ ഇടിവ്. ഫെബ്രുവരിയില്‍ ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും വഴി 933 കോടി റിയാലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. ജനുവരിയെ അപേക്ഷിച്ച് 10.41 ശതമാനം കുറവാണിത്. ജനുവരിയില്‍ വിദേശികള്‍ 1,041 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ അയച്ച പണത്തില്‍ 108 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ്. ഈ വര്‍ഷം വിദേശികളുടെ ശരാശരി പ്രതിമാസ റെമിറ്റന്‍സ് 987 കോടി റിയാലാണ്. 2019 ല്‍ 1,046 കോടി റിയാലും 2020 ല്‍ 1,247 കോടി റിയാലും 2021 ല്‍ 1,282 കോടി റിയാലും 2022 ല്‍ 1,194 കോടി റിയാലും 2023 ല്‍ 1,041 കോടി റിയാലുമായിരുന്നു വിദേശികളുടെ പ്രതിമാസ ശരാശരി റെമിറ്റന്‍സ്.
അതേസമയം, ഫെബ്രുവരിയില്‍ വിദേശ ആസ്തികള്‍ 1.545 ട്രില്യണ്‍ റിയാല്‍ (411.96 ബില്യണ്‍ ഡോളര്‍) ആയി കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പക്കലുള്ള വിദേശ ആസ്തികള്‍ 1.572 ട്രില്യണ്‍ റിയാല്‍ (419.1 ബില്യണ്‍ ഡോളര്‍) ആയിരുന്നു. 2023 ഫെബ്രുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിദേശ ആസ്തികള്‍ 4.9 ശതമാനം തോതില്‍ കുറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group