ദമാം. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. റീജ്യണൽ പ്രസിഡണ്ട് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഹാരിയായ രക്തസാക്ഷിത്വമാണ് രാജീവ് ഗാന്ധിയുടേതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് 1991ൽ മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ കൊല്ലപ്പെടുമ്പോൾ ഇന്ത്യക്ക് നഷ്‌ടമായത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തിയ നേതാവിനെ കൂടിയായിരുന്നു. ആധുനിക ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു രാജീവ്.
1984ൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതുമുതൽ 1991ൽ തമിഴ്‌നാട്ടിൽ കൊല്ലപ്പെടുന്നത് വരെയുള്ള ഇന്ത്യയുടെ രാജീവ് കാലഘട്ടം യഥാർഥത്തിൽ ഒരു പരിധി വരെ ആധുനിക ഇന്ത്യയുടെ ജാതകം എഴുതിയ കാലഘട്ടമായിരുന്നു എന്ന് പറയാം. ഭാവിയെ മുന്നില്‍ കണ്ടുള്ള നയങ്ങളായിരുന്നു രാജീവ് ഗാന്ധിയുടേത്. ടെലികോം വിപ്ലവം, അടിസ്ഥാന മേഖലകളില്‍ ആരംഭിച്ച ആറ് ടെക്നോളജി മിഷനുകള്‍, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടര്‍വത്കരണം, യന്ത്രവത്കരണം, വ്യവസായ നവീകരണം, സാങ്കേതിക മേഖലകള്‍ക്ക് നല്‍കിയ ഊന്നല്‍ എന്നിവ ഇന്ത്യയുടെ രൂപം തന്നെ മാറ്റിമറിച്ചു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സമഗ്രമായ മാറ്റത്തിന്റെ കാലമായിരുന്നു അത്. ആധുനികമായ സങ്കല്പങ്ങളാണ് രാജീവിനെ നയിച്ചത്. ശാസ്ത്ര സാങ്കേതികരംഗത്തെ കുതിച്ചുച്ചാട്ടത്തിന് ഇടയാക്കിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള രാജീവ് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയതും പബ്ലിക് കോള്‍ ഓഫീസുകള്‍ തുടങ്ങിയതും ലൈസന്‍രാജ് രീതി പൊളിച്ചുമാറ്റിയതും രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.
പഞ്ചാബ്, അസം, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ സമാധാനം പുന:സ്ഥാപിച്ചതാണ് രാജീവിന്റെ മറ്റൊരു വലിയ സംഭാവന.ഏഴാം പഞ്ചവത്സരപദ്ധതിയിലെ കണക്കുകൾ പരിശോധിച്ചാൽ മാത്രം മതിയാകും രാജീവിന്‍റെ സംഭാവനകൾ മനസിലാകാൻ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച എട്ട് ശതമാനവും, ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നതും തെളിവുകളാണ്.
ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന രാജീവ് ഗാന്ധിക്ക് ഉന്നത സാങ്കേതികവിദ്യയില്‍ പരിജ്ഞാനവും അതിയായ താല്‍പര്യവുമുണ്ടായിരുന്നു. അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും രാജീവ് ഗാന്ധിക്കുണ്ടായിരുന്നു.
രാജീവിൻറെ പാതകൾ പിൻതുടകുന്ന രാഹുൽ ഗാന്ധി ഇന്ന് ഫാസിസ്റ്റുകളിൽ നിന്നും ഈ രാജ്യത്തെ മോചിപ്പിക്കാൻ രാജ്യമാകമാനം പോരാട്ടത്തിലാണ്. രാജീവ് മുന്നോട്ട് വെച്ച പ്രവർത്തന മാതൃകൾ ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗ്ലോബൽ വൈസ് പ്രസിഡൻറ് സി അബ്ദുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, സിറാജ് പുറക്കാട്, നാഷണൽ പ്രതിനിധി ചന്ദ്രമോമോഹൻ, വിൽസൺ തടത്തിൽ, നൗഷാദ് തഴവ, ഷിജില ഹമീദ്, സിന്ധു ബിനു, ഷംസ് കൊല്ലം, അബ്ദുൽ ഖരീം, ലിബി ജയിംസ്, ജേക്കബ്ബ് പാറയ്ക്കൽ, സക്കീർ പറമ്പിൽ, രാധിക ശ്യാംപ്രകാശ്, നിഷാദ് കുഞ്ചു, മനോജ് കെ.പി, അസിഫ് താനൂർ, അസ് ലം ഫറോക്ക്, ജോണി പുതിയറ, അൻവർ സാദിഖ്, ലാൽ അമീൻ, ശ്യാം പ്രകാശ്, ബിനു പുരുഷോത്തമൻ, ഹമീദ് മരക്കാശ്ശേരി, ജോജി ജോസഫ്, അസീസ് കുറ്റ്യാടി, ഷിനാസ് സിറാജുദീൻ, അഡ്വ: ഇസ്മാഈൽ, സുരേന്ദ്രൻ പയ്യന്നൂർ, ഷാരി ജോൺ, ജലീൽ പള്ളാതുരുത്തി, ഷൈൻ കരുനാഗപ്പള്ളി, റോയ് വർഗ്ഗീസ്, സാജൻ സ്കറിയ, ഹമീദ് കണിച്ചാട്ടിൽ, താജു അയ്യാരിൽ എന്നിവർ സംസാരിച്ചു.
സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.