ദമാം- ഇന്ദിരാ ഗാന്ധിയുടെ നാല്പതാം ചരമ വാർഷികം ആചരിക്കുന്ന ഈ കാലഘട്ടത്തിലും അവരുടെ പേരിനെ ഭയപ്പെടുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് ഒ.ഐ.സി.സി വനിതാ വേദി ദമാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബദർ റബിഅ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി “ഇന്ദിരയുടെ ഇന്ത്യ” എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ വേദി പ്രസിഡന്റ് ശ്ലിബി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി ദമാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം ഉൽഘാടനം ചെയ്തു.
ഇന്ദിരഗാന്ധിയുടെ പേരമക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരിന്റെ അസ്ഥിത്വത്തെ വികൃതമാക്കാനുള്ള വിഫലശ്രമം ബി.ജെ.പി-ആർ എസ് എസ് അജണ്ടയായി നടത്തുന്നത് ഇന്ദിരയെ ഭയക്കുന്നതുമൂലമാണെന്ന് യോഗം വിലയിരുത്തി. മൗനിയായ പാവ എന്ന് വിളിച്ചവരെകൊണ്ട് “ഇന്ദിര ഇന്ത്യയുടെ രക്ഷക” എന്ന് മാറ്റി വിളിപ്പിച്ച സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ഉരുക്ക് വനിതയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി സെക്രട്ടറിയായ ശരണ്യ സണ്ണി, കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് ഷബ്‌ന നജീബ്, പ്രവാസി വെൽഫെയർ പ്രധിനിധി ഫൗസിയ, ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ അബ്ദുൽ കരീം, ഡോക്ടർ സിന്ധു ബിനു, ഷിജില ഹമീദ് ജനറൽ സെക്രട്ടറിമ്മാരായ പാർവതി സന്തോഷ്,ശിഹാബ് കായംകുളം സെക്രട്ടറി രാധിക ശ്യാം പ്രകാശ് എന്നിവർ പ്രസംഗിച്ചു. വനിതാവേദി നേതാക്കളായ അർച്ചന അഭിഷേകും നിമ്മി സുരേഷും ചേർന്നൊരുക്കിയ ഡോക്യുമെന്ററി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ആകർഷണീയവും ഹൃദ്യവുമായ വിവരണം നൽകി.
ആതുര സേവന രംഗത്തെ പ്രവർത്തന മികവിന് ആനി പോളിനെ മൊമെന്റോ നൽകി ആദരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് സ്വാഗതവും ട്രഷറർ ആയിഷ സജൂബ് നന്ദിയും പറഞ്ഞു.