ദമാം: ആശുപത്രിയില്‍ നിന്ന് മൂന്നു നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളര്‍ത്തിയ സൗദി വനിത മര്‍യം അല്‍മിത്അബിനും കൂട്ടാളിയായ യെമനി പൗരനും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവരുടെ പേരില്‍ പിതൃത്വം രേഖപ്പെടുത്തുകയും ആഭിചാരം നടത്തുകയും ചെയ്ത സൗദി വനിത മര്‍യം ബിന്‍ത് മുഹമ്മദ് ബിന്‍ ഹമദ് അല്‍മിത്അബിനും ഇവരുടെ കൂട്ടാളിയായ യെമനി പൗരന്‍ മന്‍സൂര്‍ ഖായിദ് അബ്ദുല്ലക്കും കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. തട്ടിക്കൊണ്ടുപോയ ശേഷം സ്വന്തം മക്കളെന്നോണം ഇരുപതു വര്‍ഷത്തോളം വളര്‍ത്തിയ കുട്ടികള്‍ക്ക് സൗദി തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കാന്‍ മുഖ്യപ്രതിയായ സൗദി വനിത ശ്രമിച്ചതോടെ അഞ്ചു വര്‍ഷം മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ കണ്ടെത്തിയത്.
ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്നും ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നും ഹിജ്‌റ 1417, 1420 വര്‍ഷങ്ങള്‍ക്കിടയിലാണ് മൂന്നു നവജാതശിശുക്കളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഈ കുട്ടികള്‍ വളര്‍ന്ന് വലുതായി, തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ജോലി ആവശ്യാര്‍ഥം പദവികള്‍ ശരിയാക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ തെളിയിക്കപ്പെടുന്നതിലേക്ക് നയിച്ചത്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതിനാലാണ് അറുപതുകാരിയായ മര്‍യമിന്റെ കേസ് കണ്ടെത്താന്‍ കാലതാമസമുണ്ടാക്കിയതെന്ന് 2021 ല്‍ പബ്ലിക് പ്രോസിക്യൂഷന്‍ വക്താവ് പറഞ്ഞു.
നവജാതശിശുവായ നായിഫ് അല്‍ഖറാദിയെ 1994 ല്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്നാണ് മര്‍യം തട്ടിക്കൊണ്ടുപോയത്. നഴ്‌സിന്റെ വേഷത്തില്‍ നായിഫിന്റെ മാതാവിനെ സമീപിച്ച മര്‍യം പ്രതിരോധ കുത്തിവെപ്പ് നടത്താനെന്ന വ്യാജേന കുഞ്ഞിനെയും എടുത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങി അപ്രത്യക്ഷയാവുകയായിരുന്നു.
1996 ല്‍ ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന മാതാവിന്റെ ചാരത്തു നിന്നാണ് യൂസുഫ് അല്‍അമ്മാരിയെ മര്‍യം തട്ടിക്കൊണ്ടുപോയത്. ബേജാറാകേണ്ടെന്നും പത്തു ദിവസത്തിനു ശേഷം കുഞ്ഞിനെ തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കുന്ന സന്ദേശം രേഖപ്പെടുത്തിയ കടലാസ് തുണ്ട് കുഞ്ഞിന്റെ സ്ഥലത്ത് ഉപേക്ഷിച്ചാണ് യൂസുഫ് അല്‍അമ്മാരിയുമായി മര്‍യം കടന്നുകളഞ്ഞത്. നവജാതശിശുവായ മൂസ അല്‍ഖുനൈസിയെ 1999 ല്‍ ആണ് ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ നിന്ന് പ്രതി തട്ടിക്കൊണ്ടുപോയത്. കഴുകി തുടച്ച് വൃത്തിയാക്കാനെന്ന വ്യാജേന മാതാവിന്റെ കൈയില്‍ നിന്നാണ് മൂസ അല്‍ഖുനൈസിയെ മര്‍യം എടുത്തുകൊണ്ടുപോയത്.
സ്വന്തം മക്കളെ പോലെ വളര്‍ത്തിയ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കാന്‍ സമീപിച്ച മര്‍യം നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ മൂന്നു കുട്ടികളുടെയും മാതാവ് മര്‍യം അല്ലെന്നും നേരത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതികള്‍ നല്‍കിയ കുടുംബങ്ങളിലെ കുട്ടികളാണ് ഇവരെന്നും തെളിയുകയായിരുന്നു.
നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും മാനസികവും ധാര്‍മികവും ഭൗതികവുമായ നാശനഷ്ടങ്ങളുണ്ടാക്കല്‍, യഥാര്‍ഥ പിതാക്കള്‍ക്കു പകരം മറ്റുള്ളവരുടെ പേരില്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ കള്ള മൊഴികള്‍ നല്‍കാന്‍ മറ്റുള്ളവരുമായി ഒത്തുകളിക്കല്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തിരിച്ചറിയല്‍ കാര്‍ഡുകളും നിഷേധിക്കല്‍, ആഭിചാരം നടത്തല്‍, വ്യാജ വിവരങ്ങള്‍ നല്‍കി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കല്‍, അവിഹിതബന്ധം സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി ദമാം ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യ പ്രതിക്കും കൂട്ടാളിയായ യെമനിക്കും ഇന്ന് വധശിക്ഷ നടപ്പാക്കിയത്.