ജിദ്ദ: ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലാർ സംഘം ഈ മാസം 24 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് സുൽത്താൻ റോഡിൽ സെയിൻ സിഗ്നലിനു സമീപമുള്ള ടാമറിൻഡ് ഹോട്ടലി(മുഗൾ റസ്റ്ററൻറ്)ലാണ് ഒരുക്കിയിരിക്കുന്നത്.
രേഖകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനും അറ്റസ്റ്റേഷൻ ആവശ്യമുള്ള വിവിധ പാസ്‌പോർട്ട് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ജനുവരി 24 ന് വെള്ളിയാഴ്‌ച രാവിലെ 8.30 മുതൽ സ്വീകരിക്കും. വിവിധ സേവനങ്ങൾക്കായി അപേക്ഷകർ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്കിൽ മുൻകൂട്ടി അപ്പോയ്‌മെൻറ് എടുക്കണം.
മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് സേവനം ലഭ്യമായിരിക്കില്ലെന്നും കോൺസുലേറ്റ് വ്യക്തമാക്കി. വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള ജിസാൻ മേഖലയിലെ ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.