മലയാളിയുടെ ഭാവുകത്വത്തിൽ അഗ്നിസ്ഫുലിംഗങ്ങൾ ചിതറി കടന്നു പോയ എം.പി. നാരായണപിള്ളയുടെ പത്‌നിയും എഴുത്തുകാരിയുമായ പ്രഭാ നാരായണപിള്ളയുടെ അച്ഛനാണ് കോട്ടക്കൽ കോവിലകത്തെ കെ.സി.കെ. രാജ എന്ന പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ്.
ഫ്യൂഡൽ പ്രൗഢിയുടെ കവചമുപേക്ഷിച്ച് കമ്യൂണിസത്തിന്റെ പാതയിലേക്ക് സുധീരം ചുവടുകൾ വെച്ച ഏറനാട്ടുകാരുടെ പ്രിയപ്പെട്ട ‘തമ്പുരാൻ സഖാവാ’ യിരുന്നു രാജ. രാജ പൈതൃകം തുടിച്ചു നിന്ന കോട്ടക്കൽ കോവിലകത്ത് നിന്ന് ചെങ്കൊടിയേന്തി കർണാടകയിലും ആന്ധ്രയിലും സഞ്ചരിച്ച സാഹസികൻ.
ന്യൂജനറേഷൻ കമ്യൂണിസ്റ്റുകാർ ഒരു പക്ഷേ കേട്ടിട്ടു പോലുമുണ്ടാകാത്ത രാജയെ പറളിയിൽ അദ്ദേഹത്തിന്റെ ‘ശ്രീരാഗം ‘ എന്ന വീട്ടിൽ ഞാൻ മുമ്പ് സന്ദർശിച്ചതിന്റെ ഓർമകൾ ഇപ്പോഴും ദീപ്തമാണ്. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ കുലപതി സി.പി. രാമചന്ദ്രന്റെ ( ഹിന്ദുസ്ഥാൻ ടൈംസ് ) സഹോദരീ ഭർത്താവായ കെ.സി.കെ രാജ, സുഹൃദ്ഭാഷണത്തിനിടെ, ഞാൻ മലപ്പുറത്ത് നിന്നാണെന്നു അറിഞ്ഞപ്പോൾ ചോദിച്ചു: സാധു അഹമ്മദ് കുട്ടി, എടക്കോട്ട് മുഹമ്മദ് എന്നിവരെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ടോ? മലപ്പുറത്ത് ആദ്യമായി ചെങ്കൊടിയുയർത്തിയ മലപ്പുറം വലിയങ്ങാടിയിലെ സഖാവ് ‘സാധു വിനെക്കുറിച്ചും കൊണ്ടോട്ടിയിലെ സി.പി.ഐ നേതാവായിരുന്ന എടക്കോട്ട് മുഹമ്മദിനേയും കുറിച്ച് നിരവധി ഒളിവുകാല ഓർമകൾ അന്നേരം തമ്പുരാൻ അയവിറക്കി.
ഇടയിൽ കയറി പുതിയ കാല കമ്മ്യൂണിസ്റ്റ്‌കാരെ പരിഹസിച്ച് ഞങ്ങളുടെ സംഭാഷണം കൊഴുപ്പിച്ച, മുൻ കമ്മ്യൂണിസ്റ്റ് കൂടിയായ സി. പി രാമചന്ദ്രനുമായുള്ള എന്റെ അഭിമുഖം അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പിൽ അച്ചടിച്ചിരുന്നു. മലപ്പുറത്ത് നിന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്ക് മൽസരിച്ച കെ.സി.കെ രാജയെ കോൺഗ്രസുകാരും ലീഗുകാരും ‘പത്ത്‌ലക്ഷം പ്രഭു ‘ എന്നു പറഞ്ഞ് പരിഹസിച്ചു.
പ്രതീക്ഷിച്ച പോലെ രാജ, വലിയ മാർജിനിൽ മലപ്പുറത്ത് പരാജയപ്പെട്ടു. ചൈനീസ് യുദ്ധകാലത്ത് തടവിൽ കഴിഞ്ഞ സാധു അഹമ്മദ് കുട്ടിയും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ചൈനീസ് ചാരൻ എന്ന് മുദ്ര കുത്തി ജയിലിൽ കിടക്കുമ്പോഴായിരുന്നു സാധു അഹമ്മദ് കുട്ടി മത്സരിച്ചത്.
അദ്ദേഹത്തിന്റെ പേരമകൻ സാധു റസാഖ് മുൻ ജിദ്ദ പ്രവാസിയും പിൽക്കാലത്ത് മലപ്പുറം നഗരസഭാ ചെയർമാനുമായിരുന്നു. സി.പി.എം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്ന ശേഷമാണ് റസാഖ് ചെയർമാനായത്. ഒരു തീവണ്ടി യാത്രക്കിടയിലാണ് കെ.സി.കെ രാജ മരണപ്പെട്ടത്. പവനന്റേയും ബന്ധുവാണ് ഈ തമ്പുരാൻ സഖാവ്. ഏറനാട്-വള്ളുവനാട് ദേശങ്ങളുടെ സമ്പന്നമായ ഗതകാല സമര ചരിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് പേരുകളാണ് കെ. സി. കെ രാജയും സാധു പി. അഹമ്മദ് കുട്ടിയും- അഥവാ സഖാവ് സാധുവും തമ്പുരാൻ സഖാവും!