- സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍
- സഹോദരനോ സഹോദരിയോ മരണപ്പെടുമ്പോള്‍ മൂന്നു ദിവസം വേതനേേത്താടു കൂടിയ അവധി
- 38 വകുപ്പുകള്‍ ഭേദഗതി ചെയ്തു, ഏഴു വകുപ്പുകള്‍ ഇല്ലാതാക്കി, രണ്ടു വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തു
ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്ന നിലക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രധാനമായും പത്തു ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒന്നിലധികം രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളുമായുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ള വിപുലമായ പഠനത്തിന് ശേഷമാണ് പുതിയ ഭേദഗതികള്‍ വരുത്തിയത്. നിര്‍ദിഷ്ട ഭേദഗതികളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം വഴി 1,300 ലേറെ പേര്‍ തങ്ങളുടെ അഭിപ്രായ, നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായും ലേബര്‍ കമ്മിറ്റികളുമായും വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ആകെ 38 വകുപ്പുകളിലാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. പഴയ നിയമത്തിലെ ഏഴു വകുപ്പുകള്‍ ഇല്ലാതാക്കുകയും പുതിയ രണ്ടു വകുപ്പുകള്‍ തൊഴില്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സഹോദരനോ സഹോദരിയോ മരണപ്പെടുമ്പോള്‍ മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധി, വനിതാ ജീവനക്കാരുടെ വേതനത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയായി വര്‍ധിപ്പിക്കല്‍, ഓവര്‍ടൈം വേതനത്തിനു പകരം വേതനത്തോടു കൂടിയ അവധി ലഭിക്കാന്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പരസ്പര ധാരണയിലെത്താനുള്ള അവസരം, ഒരു കാരണവശാലും പരമാവധി 180 ദിവസത്തില്‍ കവിയാത്ത നിലക്ക് പ്രൊബേഷന്‍ കാലം തൊഴില്‍ കരാറില്‍ നിര്‍ണയിക്കല്‍ എന്നിവ ഭേദഗതികളില്‍ പെടുന്നു.
കാലാവധി പ്രത്യേകം നിര്‍ണയിക്കാത്ത തൊഴില്‍ കരാറുകള്‍ റദ്ദാക്കുന്നതിന് നല്‍കുന്ന നോട്ടീസ് കാലയളവിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിയാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ നോട്ടീസ് കാലയളവ് 30 ദിവസവും തൊഴിലുടമയാണ് നല്‍കുന്നതെങ്കില്‍ നോട്ടീസ് കാലയളവ് 60 ദിവസവുമായി ഭേദഗതി നിര്‍ണയിക്കുന്നു. തൊഴിലില്‍ തുല്യഅവസരം ദുര്‍ബലപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന ഒന്നും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തൊഴിലുടമയെ പുതിയ ഭേദഗതി വിലക്കുന്നു. ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും പുതുതായി തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാറില്‍ കാലാവധി വ്യക്തമാക്കുന്നില്ലെങ്കില്‍ കരാര്‍ കാലാവധിയും അത് പുതുക്കാനുള്ള സംവിധാനവും കരാറില്‍ നിര്‍ണയിക്കണമെന്ന് ആറാമത് ഭേദഗതി ആവശ്യപ്പെടുന്നു. രാജി, ആട്രിബ്യൂഷന്‍ എന്നിവയുടെ നിര്‍വചനം ചേര്‍ക്കുകയും രാജി നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന വകുപ്പ് ചേര്‍ക്കുകയുമാണ് എട്ടാമത്തെ പ്രധാന ഭേദഗതി ചെയ്യുന്നത്. പാപ്പരത്വ നിയമവുമായി ബന്ധിപ്പെട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഭേദഗതിയിലൂടെ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കാനും പുതിയ തൊഴില്‍ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഇത് തൊഴില്‍ വിപണി തന്ത്രങ്ങള്‍ക്കും സൗദി അറേബ്യ അംഗീകരിച്ച അന്താരാഷ്ട്ര കരാറുകള്‍ക്കും അനുസൃതമാണ്. മാനവശേഷി വികസനത്തിനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ക്ക് പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സൗദിയിലെ തൊഴില്‍ വിപണി മെച്ചപ്പെടുത്താനും തൊഴില്‍ സ്ഥിരത വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രാലയം പറഞ്ഞു.
സംഭാവന സമാഹരണ നിയമവും മന്ത്രിസഭ അംഗീകരിച്ചു. ആധുനിക ഗതാഗത ശൈലി, റെയില്‍ മേഖലയില്‍ പരസ്പര സഹകരണത്തിന് ബ്രിട്ടനുമായി ഒപ്പുവെച്ച രണ്ടു ധാരണാപത്രങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. പരസ്പര സഹകരണത്തിനും വാര്‍ത്തകള്‍ പങ്കുവെക്കാനും സൗദി പ്രസ് ഏജന്‍സിയും കുവൈത്ത് ന്യൂസ് ഏജന്‍സിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.