അറാർ: ജൂലൈ 19-ന് അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സാക്കിർ അൻസാരിയുടെ (42) മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ ജിദൈത റോഡിലെ ഖബർസ്ഥാനിൽ മറവുചെയ്തു. അറാർ പ്രവാസി സംഘം ഇതിന് നേതൃത്വം നൽകി.
സാക്കിർ അൻസാരിയുടെ ബന്ധുക്കളും ജാർഖണ്ഡ് മുസ്‌ലിം ലീഗ് നേതാക്കളും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒരു മാസത്തിലേറെ പഴക്കമുള്ളതും അഴുകി അസ്ഥിയായതുമായ മൃതദേഹം എംബാം ചെയ്യാൻ കഴിയാത്തതിനാൽ ഈ ആവശ്യം നടക്കാതിരുന്നു.
മാർച്ച് 24-നാണ് മകൾ റുഖിയ പർവീന്റെ വിവാഹത്തിനായി പണം സമ്പാദിക്കാനുള്ള ലക്ഷ്യവുമായി സാക്കിർ സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിൽ ആട്ടിടയനായി ജോലിക്കെത്തിയത്. എന്നാൽ, മൂന്ന് മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനാൽ സ്പോൺസറുമായി വഴക്കുണ്ടായി. ജൂൺ 13-ന് അവസാനമായി നാട്ടിലേക്ക് വിളിച്ചപ്പോൾ, ജോലി ഉപേക്ഷിച്ച് പോലീസിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുകയാണെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു.
മെഡിക്കൽ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ മരണം ജൂൺ 13-നാണ്. അതേ ദിവസം തന്നെ സ്പോൺസർ അദ്ദേഹത്തെ ഹുറൂബ് (ഒളിച്ചോടിയെന്ന പരാതി) ആക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, മെഡിക്കൽ, പോലീസ്, പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ച ശേഷം, കോടതിയുടെ അനുമതിയോടെയും ഇന്ത്യൻ എംബസിയിൽ നിന്ന് എൻ.ഒ.സി. ലഭിച്ചതിന് ശേഷവുമാണ് മറവുചെയ്തത്. അറാർ പ്രവാസി സംഘം പ്രസിഡന്റും ലോക കേരള സഭാംഗവുമായ സക്കീർ താമരത്തിന്റെ നേതൃത്വത്തിൽ, ജിദൈത റോഡിലെ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം ജനാസ നിസ്കാരം നടത്തി, തുടർന്ന് ജിദൈത ഖബർസ്ഥാനിൽ മറവുചെയ്തു.
അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം സുനിൽ മറ്റം, ജനറൽ സെക്രട്ടറി ഷാജി ആലുവ, ട്രഷറർ റഷീദ് പരിയാരം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഹദേവൻ കൂറ്റനാട്, റെജി ആലപ്പുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പിതാവ്: ലത്തീഫ് അൻസാരി. മാതാവ്: മൈമൂന ബീവി. ഭാര്യ: അനീസ ബീവി. മകൾ: റുഖിയ പർവീൻ. മകൻ: അഹ്മ്മദ് റാസ് (ഭിന്നശേഷിക്കാരൻ ആണ്).