ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിൻറെ ഭാര്യ ജമീല (55) ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായി. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയോടൊപ്പം ജിസാനിൽ താമസിക്കുകയായിരുന്നു. ജിസാനിലെ ഫ്ലാറ്റിൽ മൂന്നു ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്. ഭർത്താവ് അലവി നടക്കലിനൊപ്പം ആറു മാസം മുമ്പാണ് സന്ദർശക വിസയിൽ ജിസാനിലുള്ള മകന്റെയടുത്ത് എത്തിയത്. മരണ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് മക്കൾ സൗദിയിലേക്ക് തിരിക്കും.കുഞ്ഞു ബാബുവിന്റെയും ആമിനുവിന്റെയും മകളാണ്. മറ്റു മക്കൾ: സജീന, ജസീന, നസീന, റുബീന മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന.
ജിസാൻ അൽഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കൾ നാട്ടിൽ നിന്നെത്തിയാലുടൻ ജിസാനിൽ ഖബറടക്കും. ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗം ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മകൻ സൈഫുള്ള, കെ.എം.സി.സി നേതാക്കളായ ഗഫൂർ മൂന്നിയൂർ,സിറാജ് പുല്ലൂരാംപാറ,നജീബ് പാണക്കാട് എന്നിവർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജമീലയുടെ വിയോഗത്തിൽ ജിസാൻ കെ.എം.സി.സിയും ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷനും (ജല) അനുശോചിച്ചു.