ജിസാൻ: ജിസാൻ സബിയയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളാലിൽ അലി (46) യുടെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സബിയയിൽ ഖബറടക്കി. സബിയ ജനറൽ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളും കെ.എം.സി.സി നേതാക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെ ഏറ്റുവാങ്ങി. സബിയ ഖാലിദിയ്യ മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം സബിയ മസ്ജിദുൽ മസാഹ ഖബർസ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്.
ഖബറടക്കത്തിനുള്ള നിയമനടപടികൾക്കും മയ്യിത്ത് പരിപാലന മരണാനന്തര കർമ്മങ്ങൾക്കും അലിയുടെ ഭാര്യാ സഹോദരൻ ശിഹാബ്, കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെൽഫെയർ വിഭാഗം ചെയർമാൻ ഗഫൂർ വാവൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, സബിയ കെ.എം.സി.സി നേതാക്കളായ സാലിം നെച്ചിയിൽ, ബഷീർ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങൽ, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാർക്കാട്, അബ്‌ദുൾ റസാഖ് തൃപ്പനച്ചി, മൂസക്കുട്ടി ഐബാൻ , ജിസാൻ ഏരിയ നേതാക്കളായ ഗഫൂർ വെട്ടത്തൂർ, നജീബ് പാണക്കാട് എന്നിവർ നേതൃത്വംനൽകി. തനിമ ജിസാൻ ഭാരവാഹിയായ ഷാഹിൻ കൊടശ്ശേരി, ജിസാനിലെ വിവിധ സംഘടനാ നേതാക്കൾ, ഐ.സി.എഫ് പ്രതിനിധികൾ എന്നിവരടക്കം ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസി മലയാളികൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. ഉസ്താദ് മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ മയ്യിത്ത് നമസ്കാരത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.
സബിയയിലെ കഫറ്റീരിയ ജീവനക്കാരനായിരുന്നു അലി. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ സബിയയിലെ കടയിൽ ജോലിക്കിടെ കുഴഞ്ഞുവീണ അലിയെ ഉടൻ തന്നെ അടുത്തുള്ള സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ചയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ പതിനൊന്നു വർഷമായി ജിസാനിൽ ജോലി ചെയ്‌തിരുന്ന അലി ഒരു വർഷം മുമ്പാണ് സബിയയിലെ കഫറ്റീരിയയിലേക്ക് മാറിയത്. വെള്ളാലിൽ കുഞ്ഞായുവിൻറെയും ബീവിക്കുട്ടി കൊല്ലാടത്തിലിന്റെയും മകനാണ്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. ഹൈറുന്നിസ കുന്നത്തേരിയാണ് ഭാര്യ. മക്കളായ അംന ലിയ (18), ഫാത്തിമ അദ്‌ന(14), മുഹമ്മദ് അയാൻ (6) എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.