ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന ഉറപ്പാക്കുമെന്ന് സ്ഥാനപതി ഡോ. ദീപക് മിത്തൽ അറിയിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾക്ക് ഇനി മുതൽ മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ തന്നെ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തി സേവനങ്ങൾ കൈപ്പറ്റാം. ക്യൂ ഒഴിവാക്കി മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് സേവനം ലഭ്യമാക്കുക. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യൻ സമൂഹമായി യു.എ.ഇ മാറിയെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. അബുദാബിയിലും ദുബായിലും രാജ്യത്തിന് പുറത്തെ ആദ്യത്തെ ഐ.ഐ.ടി, ഐ.ഐ.എം ക്യാമ്പസുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഈ വളർച്ചയുടെ പ്രധാന നാഴികക്കല്ലാണ്. ‘കുടുംബ വർഷം’ എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എമിറാത്തി കുടുംബങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കണമെന്നും, ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇരുരാജ്യങ്ങളിലെയും യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ കോൺസൽ ജയ്ദീപ് മൊഹന്തോയും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. വടക്കൻ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെയും, അജ്മാൻ, ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്ററുകളുടെയും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് നടന്ന സംവാദ പരിപാടിയിൽ ഡോ. പുത്തൂർ റഹ്മാൻ, രാജീവ് പിള്ള, മാത്തുക്കുട്ടി, അഡ്വ. വൈ.എ. റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന, വിനോദ് മുള്ളേരി, അഡ്വ. അജി കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ അംബാസഡറുമായി ആശയവിനിമയം നടത്തുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച ‘അൽ ഹിന്ദ് പാസ്പോർട്ട് ആൻഡ് കോൺസുലാർ സർവീസ് സേവന കേന്ദ്രം’ സന്ദർശിച്ച അംബാസഡർ അവിടുത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.




