ജിദ്ദ: സഫയര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ -1 ഗ്രാന്‍ഡ് ഫിനാലെ ഈ വരുന്ന മെയ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജിദ്ദയിലെ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ വച്ച് നടക്കുന്നു.
മത്സരം രണ്ട് കാറ്റഗറികളിലായാണ് (സീനിയര്‍, ജൂനിയര്‍) ചിട്ടപ്പെടുത്തിയിരിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ നിന്ന് എട്ട് പേരെയും, ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് നാല് പേരുമാണ് മത്സരിക്കുന്നത് അതില്‍ നിന്നും നാല് പേര്‍ സീനിയര്‍ വിഭാഗത്തിലും മൂന്ന് പേര്‍ ജൂനിയര്‍ വിഭാഗത്തിലും ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരുക്കുന്നത്. സഫയര്‍ ഹോട്ടലില്‍ വച്ച് നടന്ന സെലക്ഷന്‍ റൗണ്ടില്‍ നിന്നാണ് മികച്ച മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഗ്രാന്‍ഡ് ഫിനാലെയിലേക്കെത്തിച്ചത്.
പരിപാടിയുടെ ഭാഗമായി ജിദ്ദയിലെ ശ്രദ്ധേയരായ ഗായകരും ഗായികമാരും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകള്‍, മുട്ടിപ്പാട്ട്, സൂഫി ഡാന്‍സ്, കോല്‍കളി, ഒപ്പന തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
കലയും കായികവും നിറഞ്ഞ മത്സരങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്ക് അവസരങ്ങളൊരുക്കുക എന്നതാണ് സഫയര്‍ മലയാളി കൂട്ടായ്മയുടെ ലക്ഷ്യം. നിലവില്‍ 13 അംഗങ്ങളുള്ള ഈ കൂട്ടായ്മ, ജിദ്ദയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുള്ള നിരവധി പ്രമുഖരെ ഈ വേദിയിലേക്കു ക്ഷണിച്ചിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ ആയ അഷ്‌റഫ് ചുക്കന്‍, ബാദുഷ ഇ കെ, അബ്ദു റസാക്ക് മാസ്റ്റര്‍ മമ്പുറം, അമീര്‍ പരപ്പനങ്ങാടി, ഉമ്മര്‍ മങ്കട, മുജഫര്‍ ഇരു കുളങ്ങര, നാസര്‍ പി.കെ മമ്പുറം, ജലീല്‍ ചേറൂര്‍, ജംഷീര്‍ മമ്പുറം, മുബാറക് വാഴക്കാട്, ഇക്ബാല്‍ പുല്ലമ്പലവന്‍, കുഞ്ഞാവ പി.എ അച്ചനമ്പലം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.