റിയാദ് : ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിച്ച റിയാദ് എഡ്യൂ എക്സ്‌പോ 2025 വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമായി ആയിരത്തിലേറെ പേർ പങ്കെടുത്തു. കെഎംസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ.സയീദ് അൻവർ ഖുർഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ സരബ്ജീത് സിംഗ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ.സാബിർ എന്നിവർ മുഖ്യ അതിഥികളായ ചടങ്ങിൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാനും, അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ സുബി ഷാഹിറും ആശംസകൾ അർപ്പിച്ചു.
എക്സ്പോയിലെ ആദ്യ സെക്ഷനിൽ “Raising Green Innovators in the Human-Machine Era” എന്ന വിഷയത്തിൽ മുൻ ഐ.എസ്.ആർ.ഒ സയന്റിസ്റ്റും മർകസ് നോളേജ് സിറ്റി സി.ഇ.ഒ യുമായ ഡോ. അബ്ദുസ്സലാം സംസാരിച്ചു . “Think Smart, Stay Safe and Mastering Life and Learning in the Digital Age” എന്ന വിഷയത്തിൽ സൈബർ സുരക്ഷാ വിദഗ്ധനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആനന്ത് പ്രഭു ജി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രംഗത്തെ സുരക്ഷയെ പറ്റി ബോധവൽകരണം നൽകി. കൂടാതെ, കരിയർ വിദഗ്ധനും സാബിക് സ്റ്റാഫ് സയന്റിസ്റ്റുമായ അബ്ദുൽ നിസാർ “Career Pathways after Grade 12” എന്ന വിഷയത്തിൽ തുടർപഠന സാധ്യതകളെപ്പറ്റി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.
വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന ഇൻഡസ്‌ട്രി വിദഗ്ധരെ അണിനിരത്തിയുള്ള പാനൽ ഡിസ്കഷൻ ആയിരുന്നു റിയാദ് എഡ്യൂ എക്സ്‌പോയിലെ മറ്റൊരു ആകർഷണം.ടെക് പ്രോക്സിമ എക്സികുട്ടീവ് ഡയറക്ടർ ഷെയ്ഖ് സലിം നയിച്ച പാനൽ ഡിസ്കഷനിൽ ഒറാക്കിൾ ഇൻവെസ്റ്റ്മെന്റ്അഡ്വൈസറി ഡയറക്ടർ മുഹമ്മദ് അഹമ്മദ്, സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ ഖാൻ, ഡോക്ടർ ഷഫീഖ് അഹമ്മദ്, സൈക്കോളജിസ്റ് സുഷമ ഷാൻ, സാബിക് സ്റ്റാഫ് സയന്റിസ്റ്റ് അബ്ദുൽ നിസാർ, വ്യവസായി സാദിഖ് കെ അബൂബക്കർ തുടങ്ങിയവർ ഓരോ മേഖലയിലെയും കരിയർ സാധ്യതകൾ പങ്കുവെച്ചു. സെക്ഷനുകളുടെ ഇടവേളയിൽ മാസ്റ്റർ കാശിഫ് അവതരിപ്പിച്ച പിയാനോ കൈയ്യടി നേടി
എഡ്യൂ എക്സ്‌പോ രണ്ടാം ദിവസത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മേഖലകളിൽ പ്രത്യേകം സെഷനുകൾ നടന്നു. സൗദിയിലെ ഉപരി പഠന സാധ്യതകളെ പറ്റി കിങ് സൗദ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. മുക്താർ അഹമ്മദ്, DASA സ്കീമും NIT എഞ്ചിനീയറിംഗ് പ്രവേശനവും എന്ന വിഷയത്തിൽ ടാർഗറ്റ് ജനറൽ മാനേജർ മുനീർ എം സി, ജോഗ്രഫിക് ഇൻഫർമേഷനിലെ കരിയർ സാധ്യതകളെ പറ്റി ഡോ. അബ്ദുൽ സലാം, കരിയർ വളർച്ചയിൽ ലീഡർഷിപ്പിനും കമ്മ്യൂണിക്കേഷനും ഉള്ള പ്രാധാന്യത്തെപ്പറ്റി DTM സാമർ കമാൽ, സൈബർ സെക്യൂരിറ്റി കരിയർ സാധ്യതകളെപ്പറ്റി അമീർ ഖാൻ, അധ്യാപകർക്കുള്ള AI ടൂളുകളെപ്പറ്റി ഡോ.അബ്ദുൽ മതീൻ, സയന്റിസ്റ്റിലേക്കുള്ള പാത എന്ന വിഷയത്തിൽ പി കെ മുസ്തഫ എന്നീ വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും നടന്നു. കൂടാതെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.
എഡ്യൂ എക്സ്‌പോ വേദിയിൽ വെച്ച് റിയാദിലെ ഓരോ ഇന്ത്യൻ സ്‌കൂളിലെയും ഏറ്റവും കൂടുതൽ സർവീസ് ഉള്ള അധ്യാപകരെയും കഴിഞ്ഞ അധ്യയന വർഷത്തെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ മുനീർ എം സി സ്വാഗതവും മാർക്കറ്റിങ് മാനേജർ മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.