ദമ്മാം: സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം നൽകി പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
ദമ്മാം റോസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളും ഒരുക്കിയിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നടത്തി. നാട് ഭരിക്കുന്നവർ തന്നെ ഭിന്നിപ്പിന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ഓണാഘോഷം പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ആഘോഷിക്കാനും ആഘോഷിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗദര്യമെന്നും, ആഘോഷത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച അധ്യാപികക്കെതിരെ ഇടത് സർക്കാർ സ്വീകരിച്ച പ്രതികാര സമീപനം അപലപനീയമാണെന്ന് പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് ആശംസ പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടു.
റീജിയണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബിജു പൂതക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർമാരായ ജമാൽ കൊടിയത്തൂർ സ്വാഗതവും, ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു. ശരീഫ് കൊച്ചി, സുബൈർ പുല്ലാലൂർ എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. മെഹബൂബ്, ജോഷി ബാഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉബൈദ്, ജാബിർ, ജമാൽ പയ്യന്നൂർ, ഷമീർ പത്തനാപുരം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.