ദമാം- കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ഒരു മാസത്തോളം വർണ്ണാഭമായ കാഴ്ചകളൊരുക്കി ഉത്സവാഘോഷങ്ങളിൽ ആറാടിക്കാൻ അവസരമൊരുക്കി പാസ്പോർട്ട് ടു ദ വേൾഡ് സാംസ്കാരിക മാമാങ്കത്തിന് സൗദി സാംസ്കാരിക നഗരമായ അൽഖോബാറിൽ തുടക്കം കുറിച്ചു .
സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തെ ഇന്ത്യ, ഫിലപ്പീൻസ്, സുഡാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സ്വന്തം നാടിൻ്റെ പാരമ്പര്യ കലാ, സംഗീത, സാംസ്കാരിക ഉത്സവ പൈതൃകങ്ങളെ തൊട്ടറിയാനും ആസ്വദിക്കാനും പങ്കുചേരാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അതോറിറ്റിയുടെ ക്ഷണപ്രകാരം നാട്ടിൽ നിന്നെത്തിച്ചേരുന്ന പ്രശസ്ത കലാകാരൻമാരുടേയും സംഗീതജ്ഞരുടെയും വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അൽകോബാറിൽ ഒരുക്കിയ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും.
സൗദിയുടെ സാംസ്ക്കാരിക ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ഇതാദ്യമായി കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷരാവുകളെ ആവേശപൂർവ്വം ഹൃദയത്തോട് ചേർത്ത് വെച്ച് ഉത്സവമാക്കി മാറ്റാനൊരുങ്ങുകയാണ് മലയാളികളടക്കം ഇന്ത്യൻ സമൂഹവും ഇതോടൊപ്പം മറ്റു രാജ്യങ്ങളിലെ പ്രവാസി സമൂഹവും. ഇന്ത്യൻ സമൂഹത്തിനു വേണ്ടിയുള്ള ആഘോഷ പരിപാടികൾ ഏപ്രിൽ 16 മുതൽ 19 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരൻമാരും കലാകാരികളുമടങ്ങുന്ന അതിവിശാലമായ സംഘത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളും പരിപാടികളുമാണ് വേദിയിലെത്തുന്നത്. ആര്യൻ തിവാരി, അഹമദ് സുൽത്താൻ,അർമാൻ മാലിക്,ബിസ്വ, എന്നിവരെക്കൂടാതെ കേരളത്തിൽ നിന്നുമുള്ള ദിവ്യ എസ്. മേനോൻ,സജിലി സലിം,വർഷ പ്രസാദ് എന്നിവരുമാണ് ഇന്ത്യ ആഘോഷ രാവുകളുടെ വേദികളിലെ പ്രധാന പരിപാടികൾ അവതരിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളെ അടുത്തറിയാനുള്ള കരകൗശല പവലിയനുകൾ,സ്റ്റാളുകൾ, പാചക രുചി മേളകൾ, സാംസ്കാരിക ഘോഷയാത്ര, സംവേദന സർഗാത്മക ശിൽപ്പശാലകൾ എന്നിവ അരങ്ങേറും.
16-ന് ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, സജ്ലി സലീം, പൂജ കന്ദൽവാൾ എന്നിവർ പരിപാടികൾ അവതരിപ്പിക്കും. 17-ന് റിഷി സിങ്, അകസ, സജ്ലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും 18-ന് അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും വൈവിധ്യങ്ങളായ കലാപരിപാടികളവതരിപ്പിക്കും. ഇന്ത്യൻ സമൂഹത്തിനു വേണ്ടിയുള്ള അവസാന ദിവസമായ 19-ന് എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക.
ഇന്ത്യൻ ആഘോഷ ദിനങ്ങളിൽ നാടും നഗരവും ഇളക്കിമറിച്ചു മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹം ഉത്സവമേളയെ ചരിത്ര സംഭവമാക്കുവാൻ വേദിയായ അൽകോബാർ ഇസ്കാൻ പാർക്കിലേക്ക് എത്തിക്കാൻ സാമൂഹിക സാംസ്ക്കാരിക സംഘടനകളും ഇന്ത്യൻ സമൂഹവും തയ്യാറായി കഴിഞ്ഞു.
മെയ് 3 വരെയുള്ള അൽ ഖോബാറിലെ പരിപാടിക്ക് ശേഷം ജിദ്ദയിലും സമാനമായ രീതിയിലും തുടർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെൻറ് അതോറിറ്റി അറിയിച്ചു. വൈകീട്ട് 4 മുതൽ പരിപാടികൾ ആരംഭിക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. സൌദി അറേബ്യയുടെ ‘വിഷൻ 2030’സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആഘോഷരാവുകൾ ഒരുക്കുന്നത്.
അൽ ഖോബാറിൽ ഇസ്കാൻ പാർക്കിൽ വാരാന്ത്യങ്ങളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയുളള നാലു നാളുകളിൽ രാവേറെ വൈകി അവസാനിക്കുന്ന തരത്തിലാണ് വിപുലമായ മേള നടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്നതും വിസ്മയവും ഒപ്പം കൌതുകവും നിറഞ്ഞ പല രൂപങ്ങളിലും നിറങ്ങളിലുമുള്ള വൈദ്യുത ദീപാലങ്കാരങ്ങളും നിറഞ്ഞ മേള സന്ദർശിക്കാനെത്തിയവർക്ക് സ്വന്തം നാട്ടിൻപുറങ്ങളിലെ ഉത്സപറമ്പുകളിൽ എത്തിയ പ്രതീതിയുളവാക്കുന്ന അനുഭവ കാഴ്ചയാണ് ലഭിക്കുന്നത്.
കരകൌശല വസ്തുക്കളുടേയും, വസ്ത്രങ്ങളുടേയും, തുണിത്തരങ്ങളുടേയും,പൈതൃക ഉൽപ്പന്നങ്ങളുടേയും, കലാരൂപങ്ങളുടേയും പ്രദർശന സ്റ്റാളുകളാണ് നാട്ടിൽ നിന്നും മേളയിലെത്തിയിരിക്കുന്നത്. ഒരോ നാട്ടിൽ നിന്നുമുള്ള ഭക്ഷണ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന പാചകമേളകളും, രുചിച്ചറിയാനും ആസ്വദിക്കാനുമായി നാടൻ ഭക്ഷണശാലകളും ഉത്സവത്തിലുണ്ട്.
ഓരോ രാജ്യക്കാർക്കും നാലു ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സുഡാൻ ആഘോഷങ്ങളോടെയാണ് പരിപാടികൾക്ക് തിരിതെളിഞ്ഞത്. ഈ മാസം 12 ശനിയാഴ്ച രാത്രി വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് സൌദിയുടെ വിവിധ പ്രദേശങ്ങളിലെ വിദൂരങ്ങളിൽ നിന്നുപോലും സൂഡാനി പൌരൻമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സുഡാനിലെ പ്രശസ്ത ഗായകൻ അബു അൽ ഖാസിം വാദ് ദൗബയുടെ ഗാനസന്ധ്യയോടെ ആരംഭിച്ച കലാപരിപാടി ആസ്വദിക്കാൻ മലയാളികളടക്കം നിരവധിപേർ കൌതുകപൂർവ്വം എത്തിയിരുന്നു. സുഡാൻറെ കലാസാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കലാരൂപങ്ങളും ഗ്രാമീണതയുമൊക്കെ നിറച്ച് വാദ്യമേളങ്ങളോടെയുള്ള സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്.
സൗദിയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിൽ ഒന്നായിരിക്കും ‘പാസ്പോർട്ട് ടു ദ വേൾഡ്’ എന്ന പേരിട്ടിരിക്കുന്ന അൽ ഖോബാർ സീസൺ പരിപാടിയെന്ന് സൗദി പൊതുവിനോദ അതോറിറ്റി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെയും പൈതൃകങ്ങളേയും പാരമ്പര്യ കലകളെയും പരിചയപ്പെടുത്തുന്നതൊടൊപ്പം സൗദിയിലുള്ള ഓരോ രാജ്യത്തെയും പ്രവാസി പൗരന്മാർക്ക് അതൊക്കെ അനുഭവവേദ്യമാക്കുന്നതിന് ഇന്നാട്ടിൽ തന്നെ വഴിയൊരുക്കുകയെന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും സംഘാടകർ പറഞ്ഞു. കലാപരിപാടികൾ, പാചകമേള, പരമ്പരാഗത കരകൗശലവസ്തുക്കളുടെ പ്രദർശനമേള, സർഗാത്മക ശിൽപശാലകൾ എന്നിവയിലൂടെ ഈ രാജ്യങ്ങളുടെ കലാസാംസ്കാരിക മേഖലയെ അടുത്തറിയാനും സാധിക്കും.
ഏപ്രിൽ 23 മുതൽ 26 വരെ ഫിലിപ്പീൻസ് സമൂഹത്തിന്റെയും ഏപ്രിൽ 30 മുതൽ മെയ് 3 വരെ ബംഗ്ലാദേശ് പൗരന്മാരുടെയുമായിരിക്കും ആഘോഷം. വർണ്ണാഭമായ കാഴ്ചകൾ ഒരുക്കുന്ന സാംസ്കാരിക വൈവിധ്യങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ള അനുഭവമാണ് ‘പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്’ മുന്നോട്ട് വെക്കുന്ന ആശയം. ഓരോ രാജ്യത്തിന്റെയും പവിലിയനിലും തനത് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വ്യത്യസ്ത ഭക്ഷണങ്ങളും , കരകൗശല വസ്തുക്കളും അടക്കമുള്ള സാംസ്‌കാരിക ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്ഥലങ്ങളും ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനുള്ള വിപണികളും ഇടം പിടിച്ചിട്ടുണ്ട്.