റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്ന് അസാമാന്യമായ സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു വി.എസ്.
ജനകീയ പ്രശ്നങ്ങളിൽ നീതിക്കായി ജനങ്ങൾക്കൊപ്പം അടിയുറച്ച് നിന്ന നിലപാടുകളാണ് അദ്ദേഹത്തെ ജനനേതാവാക്കിയത്. മുത്തങ്ങ, മതികെട്ടാൻ മല, പ്ലാച്ചിമട, മൂന്നാർ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ കേരള ജനതയ്ക്ക് മറക്കാനാവാത്തവയാണ്. രാജവാഴ്ചക്കാലത്തെ ഫ്യൂഡൽ ചൂഷണങ്ങൾക്കും അടിമത്തത്തിനും എതിരെ കർഷക തൊഴിലാളികളെയും മർദിത വിഭാഗങ്ങളെയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി.എസ്. എന്ന സഖാവിന്റെ ജീവിതം രൂപപ്പെട്ടത്.
പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചപ്പോൾ പാരിസ്ഥിതിക, വർഗ, രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി വാർത്താക്കുറിപ്പിൽ അറിയിച്ചു.