ജിദ്ദ: ഇന്ത്യ മുന്നണിയുടെ പ്രധാന ഘടകകക്ഷിയായി മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ടെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷ, ദളിത്, പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട് മുസ്ലിം ലീഗ് ദേശീയ പ്രാധാന്യം കൈവരിച്ചു. യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് അവസരങ്ങൾ നൽകി, മതേതര-ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് നിർണായക പങ്കുവഹിക്കുന്നു. തമിഴ്നാട് സർക്കാർ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിന് ‘തഗൈസൽ തമിളർ’ പുരസ്കാരം നൽകി ആദരിച്ചത് ലീഗിന്റെ രാഷ്ട്രീയ-സാമൂഹിക-സേവന പ്രവർത്തനങ്ങളുടെ അംഗീകാരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം, ദളിത്, ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക ശാക്തീകരണത്തിനായി മുസ്ലിം ലീഗ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി.യുടെ പിന്തുണ ആവശ്യമാണെന്നും തങ്ങൾ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജിദ്ദയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ തങ്ങൾ, ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ഇ. അഹമ്മദിന്റെ സ്മരണാർഥം സെപ്റ്റംബർ 19-ന് നടത്തുന്ന “ഇ. അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ 7” ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ സിഫ് സെക്രട്ടറി നിസാം മമ്പാടിന് നൽകി തങ്ങൾ പ്രകാശനം ചെയ്തു.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി “പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ” എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 8-ന് ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി നടത്തുന്ന ഏകദിന നേതൃ പഠന ക്യാമ്പിന്റെ രജിസ്ട്രേഷൻ മഹ്ജർ ഏരിയ കെ.എം.സി.സി. പ്രസിഡന്റ് കരീമിനെ ആദ്യ അംഗമായി രജിസ്റ്റർ ചെയ്ത് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തങ്ങൾക്കുള്ള ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര കൈമാറി.
മുസ്ലിംകളുടെ ചരിത്രവും പൈതൃകവും, മത-സാംസ്കാരിക മേന്മയും ഉൾക്കൊള്ളിച്ച്, നൂറ്റാണ്ടുകളുടെ കഥ പറയുന്ന പള്ളികളുടെ ശില്പചാരുതയെ ദൃശ്യവത്കരിക്കുന്ന “പള്ളി പുരാണം” എന്ന ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു. കെ.എം.സി.സി. നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീം കൂട്ടിലങ്ങാടി പ്രവാസി പെൻഷൻ സ്കീമിനെക്കുറിച്ചും നോർക്ക കാർഡിനെക്കുറിച്ചും വിശദീകരിച്ചു.
അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ച യോഗം ജെ.എൻ.എച്ച്. ചെയർമാൻ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി.പി. മുസ്തഫ സദസിനെ സ്വാഗതം ചെയ്യുകയും അബ്ദുൽ റഹ്മാൻ വെള്ളിമാടുകുന്ന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കെ.എം.സി.സി. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.