ജിദ്ദ: ദീർഘകാലമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയിൽ ആത്തിക്കാ ഉമ്മാ മൻസിലിൽ ജലാൽ റഹ്മാൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൻറെ അറബി പരിഭാഷ സൗദിയിലെ പ്രസാധക കൂട്ടായ്‌മയായ “സമാവി” പബ്ലിക്കേഷൻ പുറത്തിറക്കി. പരിഭാഷകനും സർവകലാശാല അധ്യാപകനുമായ കായംകുളം ഓച്ചിറ സ്വദേശി ഉണിശ്ശേരിൽ ഇ. യുസഫ് സാഹിബ് നദവിയാണ് ജലാൽ റഹ്‌മാൻറെ “അങ്ങും ഇങ്ങും എങ്ങും” എന്ന പുസ്തകത്തിൻറെ അറബി പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ ജീവിതമാണ് ജലാൽ റഹ്‌മാന്റേത്. എട്ടാം ക്ലാസിൽ പഠനം മുടങ്ങിപ്പോയ ജലാൽ രണ്ടു പതിറ്റാണ്ടോളം കായംകുളം എം.എസ്.എം. കോളേജിൽ കാന്റീൻ നടത്തുകയും പിന്നീട് പ്രവാസിയായി സൗദിയിലെ നജ്‌റാനിലെത്തുകയും ചെയ്‌തു. കാന്റീൻ നടത്തിയ കാലത്തെ ജീവിതാനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും പിന്നീട് ” ഒരു കോളേജ് കാന്റീൻ കാരന്റെ കുറിപ്പുകൾ “എന്ന പുസ്തകമായി അത് പ്രസിദ്ധീകരിക്കുകയും ചെയ്‌തു. വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ ആ പുസ്തകം പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അതിനുശേഷം ജലാൽ റഹ്മാൻ എഴുതിയ “അങ്ങും ഇങ്ങും എങ്ങും” എന്ന കൃതിയിലെ തെരെഞ്ഞടുത്ത 33 അധ്യായങ്ങളാണ് “ജലാൽ റഹ്മാൻ്റെ ഗൾഫ് ജീവിതത്തിലെ ഓർമ്മകൾ” എന്ന പേരിൽ ഇപ്പോൾ അറബിയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരികരിച്ചിരിക്കുന്നത്. പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പിയോടൊപ്പം ഓൺലൈനിലും അറബി പരിഭാഷ ലഭ്യമാണ്.
അറബിഭാഷാ അദ്ധ്യാപകനും ഗവേഷകനും പരിഭാഷകനുമായ യുസഫ് സാഹിബ് നദവി നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി, ഖുശ്‌വന്ത് സിംഗ് തുടങ്ങിയവരുടെ പ്രശസ്‌ത കൃതികളുടെ പരിഭാഷയടക്കം അറബിയിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കർത്താവാണ് ഇദ്ദേഹം. സിനിമാതാരവും പാർലമെൻ്റ് അംഗവുമായിരുന്ന ഇന്നസെൻ്റിൻ്റെ “കാൻസർ വാർഡിലെ ചിരി” എന്ന പുസ്തകത്തിൻറെ അറബി പരിഭാഷയും യുസഫ് സാഹിബ് നദവിയാണ് നിർവഹിച്ചത്. ഈജിപ്‌തിലെ കെയ്‌റോയിലെ ദാറുൽ ഖലം പബ്ലിഷേഴ്‌സാണ് കഴിഞ്ഞ മാസം പുസ്തകത്തിൻറെ അറബി പരിഭാഷ പ്രസിദ്ധീകരിച്ചത്. “വക്കം മുഹമ്മദ് അബ്‌ദുൾ ഖാദർ മൗലവിയുടെ അറബിഭാഷാ സേവനങ്ങളും പരിഭാഷകളും ” എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ ഗവേഷണം നടത്തുന്ന യുസഫ് സാഹിബ് നദവി ഇപ്പോൾ ശ്രീനാരായണ ഓപ്പൺയൂണിവേഴ്‌സിറ്റിയിൽ അക്കാദമിക്ക് കോ-ഓർഡിനേറ്ററാണ്.
പ്രവാസ ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങളും അറബ് ജീവിതവും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളായ വിവിധ രാജ്യക്കാരുടെ ജീവിതവും ജലാലിൻറെ പുസ്തകങ്ങളിൽ വായിക്കാം. വൈവിധ്യമാർന്ന ജീവിതാനുഭവങ്ങൾ നർമ്മം കലർത്തി അതീവ ലളിതമായ ഭാഷയിലാണ് ജലാൽ പുസ്തകങ്ങളിൽ എഴുതുന്നത്. സ്വന്തം ജീവിതവും നിരീക്ഷണങ്ങളും തന്റേതായ ഭാഷയിലും ശൈലിയിലും വളച്ചുകെട്ടില്ലാതെ അനുഭക്കുറിപ്പുകളിൽ ജലാൽ പറയുന്നു. നജ്‌റാനിലെ ജലാലിൻറെ കടയിലെത്തുന്ന സൗദികളും അറബികളും മലയാളത്തിലുള്ള തൻറെ പുസ്തകങ്ങൾ കണ്ടപ്പോൾ അത് അറബിയിൽ വായിക്കാൻ അതീവ താൽപര്യം പ്രകടിപ്പിച്ചതിനാലാണ് അറബി പരിഭാഷക്കു വേണ്ടി ശ്രമിച്ചതെന്ന് ജലാൽ പറയുന്നു. തൻറെ പുസ്തകങ്ങളുടെ പരിഭാഷ ആദ്യം ഇംഗ്ലീഷിലും ഇപ്പോൾ അറബിയിലും പുറത്തിറങ്ങിയതിൻറെ സന്തോഷത്തിലാണ് നജ്‌റാനിലെ പ്രവാസി മലയാളിയായ ജലാൽ. ദീർഘകാലമായി നജ്‌റാനിൽ ഒരു മൊബൈൽഫോൺ കട നടത്തുകയാണ് ജലാൽ റഹ്‌മാൻ. സാജിതയാണ് ഭാര്യ. സുൽത്താന, മുഹമ്മദ് സുൾഫിക്കർ, മുഹമ്മദ് സലിൽ എന്നിവർ മക്കളാണ്.