ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുമ്പോൾ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾക്കൊരു മോഹമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പിതാവ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ പതിവായി ചൊല്ലണം. ഉപ്പയുടെ ചാരത്തിരിക്കണം. ജിദ്ദയിലെ പ്രവാസ കാലത്തെല്ലാം മക്കയിൽ പതിവായെത്തി പ്രാർത്ഥിക്കും. ഉപ്പയുടെ ഖബർ കൺകുളിർക്കെ കാണും. ഉപ്പക്കും മകനും ഇടയിലെ ഇഴപിരിയാത്ത സ്നേഹത്തിന്റെ അവസാന കണ്ണിയും ഇന്നലെ മുറിഞ്ഞു. സൗദി കെ.എം.സി.സിയുടെ പ്രഥമ പ്രസിഡന്റ് സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾക്ക് വിട.
പ്രവാസി മലയാളികൾക്കിടയിൽ സംഘബോധത്തിന്റെ സന്ദേശം വിളംബരം ചെയ്ത മഹാനായ നേതാവായിരുന്നു സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ചേലാട്ട് അച്യുതമേനോൻ അടക്കമുള്ള പല മുഖ്യമന്ത്രിമാരെയും അധികാരത്തിൽ കൊണ്ട് വരാനും മന്ത്രിസഭകളുടെ ഭാവിയും ഭാഗധേയവും നിർണ്ണയിക്കാനുമുള്ള അധികാര കേന്ദ്രവുമായിരുന്നു ബാഫഖി തങ്ങളുടെ ഇളയ മകൻ. മുന്നണി രാഷ്ട്രീയത്തിൻ്റെ രാജശില്പി എന്നറിയപ്പെടുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മരണപ്പെടുമ്പോൾ അബൂബക്കർ ബാഫഖി തങ്ങൾക്ക് 22 വയസ്സായിരുന്നു പ്രായം. ഉപ്പയോടൊന്നിച്ചുള്ള യാത്രകളുടെ നിറവാർന്ന ഓർമ്മകളുണ്ടായിരുന്നു അവസാന കാലം വരെ അബൂബക്കർ ബാഫഖി തങ്ങൾക്ക് കൂട്ടായിട്ട്.
മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ദേശീയ പ്രശസ്തരായ നേതാക്കളും മത പണ്ഡിതരും സാമുദായിക നേതാക്കളും നിത്യ സന്ദർശകരായിരുന്ന വീട്ടിലെ കുട്ടിക്കാലം. 1967 ലെ മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരണ കരാറിൻ നിന്ന് വാക്ക് മാറിയപ്പോൾ ഇ.എം.എസിന്റെ വഞ്ചന തുറന്ന് കാട്ടാൻ ബാഫഖി തങ്ങൾ ഉപയോഗിച്ച വജ്രായുധമായ മലേഷ്യൻ നിർമ്മിത ടേപ് റെക്കോർഡർ അബൂബക്കർ ബാഫഖി തങ്ങളുടെ കൈവശമുണ്ടായിരുന്നു.
അബൂബക്കർ ബാഫഖി തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ബോർഡിങ്ങിൽ പഠിക്കുന്ന കാലം. ഒരു ദിവസം അവധി കഴിഞ്ഞ് ബാപ്പയുടെ കാറിൽ തിരിച്ച് പോവുകയാണ്. രണ്ട് അനിയൻമാരുമുണ്ട് കൂടെ. ഉപ്പക്ക് ജാമിഅ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും വേണം. യാത്രക്കിടയിൽ ഫറോക്കിൽ പോലീസ് കാറിന് കൈ കാണിച്ചു. കാറ് നിർത്തിയപ്പോൾ പോലീസ് ഓഫീസർ ക്ഷമാപണത്തോടെ കൈകൂപ്പിയ ശേഷം ബാപ്പാക്ക് നൽകിയ അടിയന്തര സന്ദേശം പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെതായിരുന്നു. അടിയന്തിരമായും തങ്ങൾ എറണാകുളം ഗവൻമെൻ്റ് ഗസ്റ്റ് ഹൗസിലെത്തണം. നാളെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബാഫഖി തങ്ങളുമായി കൂടിക്കാഴ്ചയും ചർച്ചയും ആഗ്രഹിക്കുന്നു എന്നതാണ് പോലീസ് കൈമാറിയ സന്ദേശം. ജാമിഅ ബോർഡിംഗ് മദ്രസ്സ തുടങ്ങണം എന്നത് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നിർബന്ധമായിരുന്നു. സ്ഥാപനം വിജയിപ്പിക്കാനാണ് മക്കളെയും അവിടെ ചേർത്തിയത്.

കൊയിലാണ്ടിയിലെ വീട്ടിലെ നിത്യ സന്ദർശകരിൽ ഇസ്മായിൽ സാഹിബും സീതിസാഹിബും പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ നേതാക്കളുണ്ടാവും. ആ അനുഭവങ്ങളും എമ്പാടുമുണ്ടായിരുന്നു. ഒരു ദിവസം എം.കെ.ഹാജി വീട്ടിൽ വരുമ്പോൾ ഉപ്പ എന്തോ കാര്യമായ ആലോചനയിലാണ്. ഹാജി ചോദിച്ചു എന്താണ് തങ്ങളെ പ്രശ്നം. എം..ഇ.എസുമായുള്ള ബന്ധം വേർപ്പെടുത്താൻ സമസ്ത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ്പ പറഞ്ഞു. എം.കെ.ഹാജി എന്നോട് ഒരു പേപ്പർ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ എന്റെ നോട്ട്ബുക്കിൽനിന്ന് പേപ്പർ പറിച്ച് കൊടുത്തു. ഹാജി സാഹിബ് കുറിപ്പ് എഴുതി ബാഫഖി തങ്ങൾക്ക് കൊടുത്തു. ഉപ്പ ചരിത്ര പ്രസിദ്ധമായ ആ പ്രസ്താവനക്ക് താഴെ ഒപ്പിട്ടു. അടുത്ത ദിവസം അത് പത്രങ്ങൾക്ക് വലിയ വാർത്തയായിരുന്നു.
അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഹജിന് പോകുന്ന നേരം. ഇത് അവസാനത്തെ കാഴ്ചയായിരിക്കും എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. ആ സമയത്ത് ചെറിയ മകൻ എന്ന രീതിയിൽ ഒരുപദേശം നൽകി. അത് ഇങ്ങിനെ ആയിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണം. പിന്നീട് പ്രവാസ ജീവിതം തെരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ കണ്ട് അബൂബക്കർ ബാഫഖി തങ്ങൾ അനുവാദം വാങ്ങി. സി.എച്ചിന് അബൂബക്കർ ബാഫഖി തങ്ങൾ എന്നും അനിയനായിരുന്നു.