ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ ഹിജാസ് ഖാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഹജ്ജ് ടർമിനലിൽ കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ കെ.എം.സി.സി നടത്തുന്ന ഹജ്ജ് സേവനങ്ങൾ മഹത്തരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പ്രശംസിച്ചു.
അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, നൗഫൽ പറമ്പിൽ ബസാർ എന്നിവർ സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അംബാസിഡർക്ക് വിശദീകരിച്ചു. ഇന്ത്യയിൽ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും വനിതകൾ ഉൾപ്പെടെയുള്ള കെ.എം.സി.സി വോളന്റിയർമാർ രാപകലില്ലാതെ വിമാനത്താവളത്തിൽ സജീവമാണ്. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് നിന്നെത്തിയ ഹാജിമാരെ സ്വീകരിക്കാനാണ് അംബാസിഡർ ഹജ്ജ് ടർമിനലിൽ എത്തിയത്.
കെ.എം.സി.സിയുടെ അർപ്പണബോധവും സേവന സന്നദ്ധതയും ഹാജിമാർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് അംബാസിഡർ എടുത്തുപറഞ്ഞു. ഇന്ത്യൻ ഹാജിമാർക്ക് സുഗമമായ തീർഥാടനം ഉറപ്പാക്കാൻ കെ.എം.സി.സിയുടെ ഈ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.